SEED News

ഇസ്മയിലിന്റെ വീട്ടിൽ കര നെൽകൃഷി ഒരുക്കി പായിപ്ര ഗവ. യുപി സ്കൂളിൽ പരിസ്ഥിതി വാരാചരണം തുടങ്ങി

മൂവാറ്റുപുഴ :കൃഷിയും, കൃഷി സംസ്ക്കാരവുമെല്ലാം നമ്മളിൽ നിന്ന് അന്യം നിന്നുപോകുന്ന ഈ കാലത്ത് കൃഷിയെ സ്നേഹിക്കുകയും, അതിൽ നിന്ന് നല്ലൊരു വരുമാനം കണ്ടെത്താൻ ശ്രമിക്കുകയുമാണ് പായിപ്ര സ്വദേശിയായ മേയ്ക്കാലിൽ വീട്ടിൽ കമാലുദ്ദീൻ്റെയും, റൂബിയ കമാലുദിൻ്റയും മകൻ മുഹമ്മദ് ഇസ്മയിൽ എം കെ എന്ന ആറാം ക്ലാസുകാരൻ.പായിപ്ര ഗവ. യുപി സ്കൂളിലാണ് ഈ കൊച്ചു മിടുക്കൻ പഠിക്കുന്നത്. വാടക വീട്ടിലാണ് ഇസ്മയിൽ താമസിക്കുന്നത്. പാട്ടത്തിനെടുത്ത ഒന്നര ഏക്കർ സ്ഥലത്താണ് കൃഷി ചെയ്തു വരുന്നത്. വാഴ ,ഇഞ്ചി, മഞ്ഞൾ, കപ്പ, മീൻ വളർത്തൽ, മുയൽ വളർത്തൽ തുടങ്ങി തൻ്റെ പതിനൊന്നാം വയസിൽ എന്തെല്ലാം ചെയ്യാമോ അവയിലെല്ലാം ഒരു പരിശ്രമം നടത്തുകയാണ് ഇസ്മയിൽ. തൂമ്പയും, അരിവാളും തുടങ്ങിയുള്ള കാർഷിക ഉപകരണങ്ങൾ നമ്മുടെ പുത്തൻ തലമുറക്ക് അന്യം നിൽക്കുമ്പോഴാണ് അതേ കാർഷിക ഉപകരണങ്ങൾ നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന ഇസ്മയിൽ മറ്റുള്ളവരിൽ നിന്ന് വിത്യസ്തനാകുന്നത്. ലോക് ഡൗൺ സമയത്ത് കൂടുതൽ സമയം കൃഷിക്കായി മാറ്റി വയ്ക്കാൻ സാധിക്കുന്നുണ്ടെന്നും ഇസ്മയിൽ പറഞ്ഞു. അഞ്ച് വയസു മുതൽ ഇസ്മയിൽ കൃഷി പണികളിൽ ചെറുതായി ഇടപെട്ടു തുടങ്ങിയിരുന്നു. മകൻ്റെ കൃഷിയോടുള്ള താൽപ്പര്യം കണ്ടറിഞ്ഞ് പിതാവ് കമാലുദ്ദീനും ഇസ്മയിലിന് പൂർണ പിന്തുണ നൽകുന്നുണ്ട്. ഈ വർഷത്തെ പായിപ്ര സർക്കാർ യുപി സ്കൂളിൻ്റെ പരിസ്ഥിതി ദിനാഘോഷo ഇസ്മയിലിൻ്റ കൃഷിയിടത്തിൽ വച്ച് നടത്തി.കമാലുദിൻ്റെ വീട്ടിലെത്തിയ വാർഡ് മെമ്പർ ജയശ്രീ ശ്രീധരനും പിടിഎ പ്രസിഡന്റ് സിറാജ് മൂശാരിയും ചേർന്നാണ് ഇസ്മയിലിനെ ആദരിച്ചത്.ചടങ്ങിൽ  എച്ച് എം ഇൻ ചാർജ് കെ എം നൗഫൽ, പിടിഎ അംഗം നവാസ് പി എം തുടങ്ങിയവർ പങ്കെടുത്തു.സ്കുളിലെ കഴിഞ്ഞ വർഷത്തെ മികച്ച കുട്ടി കർഷകനായി പരിസ്ഥിതി ക്ലബ് തിരഞ്ഞെടുത്തതും ഇസ്മയിലിനെയാണ്. കൃഷി എന്താണെന്നും പോലും അറിയാത്ത യുവതലമുറക്ക് ഇസ്മയിൽ മാതൃകയാണെന്നും, ഇസ്മയിലിന് പൂർണ പിന്തുണയുമായി  എന്നും കൂടെയുണ്ടാകുമെന്നും പിടി എ പ്രസിഡന്റ് സിറാജ് മുശാരി പറഞ്ഞു. പOനത്തിലും നല്ല പ്രകടനമാണ് ഇസ്മയിൽ നടത്തുന്നത്.പായിപ്ര സർക്കാർ യുപി സ്കൂളിൽ പഠിക്കുന്ന അഞ്ചാം ക്ലാസുകാരി ബുഷറ എം കെയും , രണ്ടാം ക്ലാസുകാരി ഇൻഷിറ എം കെ സഹോദരിയുമാണ്.കൃഷിയെയും , കൃഷി രീതികളെയും തൻ്റെ മക്കൾ മനസിലാക്കി വളരണം എന്ന ലഷ്യത്തോടെയാണ് മകൻ്റെ കൃഷി താൽപര്യങ്ങൾക്ക് ഒപ്പം പിതാവ് നിൽക്കുന്നത്.

June 07
12:53 2021

Write a Comment

Related News