SEED News

തൂശനിലയിൽ താരവിഭവങ്ങൾ വിളമ്പി വായനവാരം ആഘോഷമാക്കി ഡി ബി എച്ച് എസ് തൃക്കാരിയൂർ

കോതമംഗലം : ശ്രീ പി എൻ പണിക്കർ അനുസ്മരണ ദിനം ഓൺലൈനായി സംഘടിപ്പിച്ച ഡി ബി എച്ച് എസ് പൊതു പരിപാടികൾ തൃക്കാരിയൂർ വാർഡ് മെമ്പർ ശ്രീമതി ശോഭ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുകയുണ്ടായി. സീനിയർ അധ്യാപിക ശ്രീമതി ഹേമ ജി കർത്ത വേദിയിലെ മഹത്‌വ്യക്തികൾക്ക് സ്വാഗതമാശംസിച്ചു. പി ടി എ പ്രസിസന്റ് ശ്രീ ശ്രീകുമാർ സർ അധ്യക്ഷ സ്ഥാനം വഹിച്ചു.തുടർന്ന് പ്രശസ്ത സാഹിത്യകാരനായ ശ്രീ ജോർജ്ജ് ഓണക്കൂർ അവർകൾ പിഎൻ പണിക്കർ അനുസ്മരണവും ആശംസകളും വിദ്യാർത്ഥികളുമായി പങ്കുവെക്കുകയുണ്ടായി. പി എൻ പണിക്കർ എന്ന അനുഗ്രഹീത പാഠശാലയെ വിദ്യാർഥികൾക്ക് മുൻപിൽ ലളിത മനോഹരമായി വിശകലനം ചെയ്തുകൊണ്ട് വാക്കുകളിലൂടെ മനോഹരമായ സായാഹ്നം സമ്മാനിച്ച ശീ ജോർജ് ഓണക്കൂർ വായനദിനം ഏറെ അനുഭവ സമ്പന്നമാക്കി. സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി സിഎസ് രാജലക്ഷ്മി ,പ്രശസ്ത കവിയും മലയാളം അധ്യാപകനുമായ ശ്രീ സുമേഷ് കൃഷ്ണൻ മറ്റ് അധ്യാപകരായ ശ്രീമതി രഞ്ജു, ശ്രീമതി ദീപ, ശ്രീമതി ദിവ്യ എന്നിവർ കുട്ടികൾക്ക് വായന ദിന ആശംസകൾ നേരുകയുണ്ടായി അധ്യാപികയായ ശ്രീമതി ദൃശ്യ ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.

വായനവാരം രണ്ടാംനാൾ പ്രശസ്ത സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയും കോട്ടയം ഞീഴൂർ വിശ്വഭാരതി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ ശ്രീമതി ഗീത തോട്ടത്തിൽ വിദ്യാർത്ഥികളുമായി  സംവദിക്കുകയുണ്ടായി. "മലയാളം ലളിതം"  എങ്ങനെ കൈകാര്യം ചെയ്യാം എന്ന് ഇന്നത്തെ തലമുറയിലെ വിദ്യാർത്ഥികൾക്ക് സാഹിത്യഭാഷയിലൂടെ അറിവ് പകർന്നു നൽകുവാൻ ടീച്ചറിനു കഴിഞ്ഞു. നാളത്തെ തലമുറയെ വാർത്തെടുക്കുന്നതിൽ  ഭാഷയ്ക്കും അറിവിനും എത്രത്തോളം പങ്കുണ്ട് എന്നുള്ളത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരേപോലെ   പ്രയോജനകരമാംവിധം വേദി അനുസ്മരണം ആക്കി . വായനവാരം മൂന്നാംനാൾ കണ്ണൂർ റെയിഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ശീ K സേതുരാമൻ ഐപിഎസ് വേദി തികച്ചും അനുഭവ സമ്പന്നമാക്കി. മൂന്നാറിലെ ലയത്തിൽ നിന്നും വായനയിലൂടെ വളർന്ന് ഐപിഎസ് എന്ന മോഹം യാഥാർത്ഥ്യമാക്കിയതിലൂടെ തൻറെ അനുഭവസമ്പത്ത് വിദ്യാർഥികൾക്ക് പകർന്നു നൽകുവാൻ  സ്വതസിദ്ധമായ ഭാഷാശൈലിയിലൂടെയും കഥകളിലൂടെയും ആശയങ്ങളിലൂടെയും വിദ്യാർത്ഥികളുടെ സംശയങ്ങൾ ദൂരീകരിച്ചു കൊണ്ട്  K സേതുരാമൻ സാർ ഒരു വിസ്മയമായി മാറുകയുണ്ടായി.  വായനവാരം നാലാം നാൾ പ്രശസ്ത സിനിമാ സംവിധായകനും സാഹിത്യകാരനുമായ ശീ വിജി തമ്പി സർ ഡി ബി എച്ച് എസ് അതിഥിയായി . ഭാഷയിലെ വർണ്ണ സ്വപ്നങ്ങൾ തിരശ്ശീലയിൽ ജീവനുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ച പ്രതിഭാശാലി ഡി ബി എച്ച് എസ് സായാഹ്നം അനുഗ്രഹ സമ്പന്നമാക്കി എന്ന് വേണം പറയുവാൻ . വായന എങ്ങനെ ഒരു സാഹിത്യകാരനെ പൂർണതയിലേക്ക് എത്തിക്കുന്നു എന്ന അറിവ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പകർന്നു നൽകിയ അദ്ദേഹം ഭാഷാ സമ്പന്നമായ ഒരു ഭാവി വരുംതലമുറയ്ക്ക് ഉണ്ടാകട്ടെ എന്ന് നെറുകയിൽ കൈ തൊട്ട് അനുഗ്രഹിച്ചു.

 വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളെ അന്വർത്ഥമാക്കിക്കൊണ്ട് ഡി ബിഎച്ച്എസ് വായനവാരം വിദ്യാർഥികളുടെ വിവിധ കലാപരിപാടികളുമായി മുന്നോട്ടുപോകുന്നു.

June 24
12:53 2021

Write a Comment

Related News