SEED News

ഓണ്ലൈന് അധ്യാപനം: സീഡ് വെബിനാര് നടത്തി ഓണ്ലൈന് ക്ലാസ് കൂടുതല് കുട്ടികളിലേക്ക് എത്തിക്കാന് നീക്കം- കൈറ്റ് സി.ഇ.ഒ.

കൊച്ചി: ഓണ്ലൈന് ക്ലാസുകള് കൂടുതല് കുട്ടികളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള് നടക്കുന്നതെന്ന് കൈറ്റ് (കേരള ഇന്ഫ്രാസ്ട്രക്ചര് ആന്ഡ് ടെക്നോളജി ഫോര് എഡ്യുക്കേഷന്) സി.ഇ.ഒ. കെ.അന്വര് സാദത്ത് പറഞ്ഞു.  
മാതൃഭൂമിയും ഫെഡറല് ബാങ്കും ചേര്ന്ന് വിദ്യാലയങ്ങളില് നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 'ഒരുങ്ങാം ഓണ്ലൈന് ക്ലാസിനായി' വെബിനാര് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല് വിദ്യാഭ്യാസത്തില് മുന്പേ നടന്ന സംസ്ഥാനമാണ് കേരളം. ഡിജിറ്റല് ഡിവൈഡ് എന്ന യാഥാര്ത്ഥ്യം ഉള്ക്കൊണ്ടാണ് ഓണ്ലൈന് ക്ലാസുകള് കൂടുതല് കുട്ടികളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള് നടക്കുന്നത്. കുട്ടിയും അധ്യാപകനും നേരിട്ട് സംവദിക്കുകയെന്ന ലക്ഷ്യത്തോടെയാണ്  ഈ വര്ഷം മുതല് ഡിജിറ്റല് ക്ലാസുകളില് നിന്ന് ഓണ്ലൈന് ക്ലാസുകളിലേക്ക് ഘട്ടംഘട്ടമായി മാറാമെന്ന് സര്ക്കാര് തീരുമാനിച്ചത്. ആദിവാസി മേഖലകളിലുള്പ്പെടെ കണക്ടിവിറ്റിയും ഉപകരണങ്ങളും മറ്റും നല്കുന്നതിനുള്ള പ്രവര്ത്തനം നടക്കുകയാണ്.
സാങ്കേതിക സംവിധാനങ്ങളിലൂടെ ഫലപ്രദമായി ഓണ്ലൈന് ക്ലാസുകള് എടുക്കുകയെന്നത് പ്രധാനമാണ്. സൈബര് സുരക്ഷ എങ്ങനെ ഉറപ്പുവരുത്താമെന്നതുള്പ്പെടെ ഓണ്ലൈന് വിദ്യാഭ്യാസത്തിലേക്ക് മാറുമ്പോള് ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. വെല്ലുവിളികളെല്ലാം വിശദമായി പഠിച്ച് സ്വകാര്യതയും കുട്ടിയുടെയും അധ്യാപകന്റെയും സുരക്ഷയും പൂര്ണ്ണമായി ഉറപ്പുവരുത്തും. ക്ലാസുകള് വിലയിരുത്താനും അതിനനുസരിച്ച് മാര്ഗനിര്ദേശം നല്കാനും കഴിയുന്ന പ്ലാറ്റ്ഫോം ആണ് സജ്ജമാക്കുന്നത്. ഇതിനാവശ്യമായ പരിശീലനം അധ്യാപകര്ക്കും കുട്ടികള്ക്കും രക്ഷിതാക്കള്ക്കും അത്യാവശ്യമാണ്.
 ഡിജിറ്റല് അഡിക്ഷനെക്കുറിച്ച് കൂടി സംസാരിക്കേണ്ട കാലമാണിത്. ഡിജിറ്റല് അഡിക്ഷന് എങ്ങനെ ഒഴിവാക്കാമെന്നത് കോവിഡ് കാലഘട്ടത്തില് ഗൗരവത്തോടെ ചര്ച്ച ചെയ്യേണ്ട ഒന്നാണ്. വെല്ലുവിളികള്ക്കൊപ്പം കോവിഡ് കാലഘട്ടം അവസരങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്. അതുപയോഗപ്പെടുത്താന് നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.  
ഫെഡറല് ബാങ്ക്  എച്ച്.ആര്.ടാലന്റ് ഡെവലപ്പ്മെന്റ് ആന്ഡ് ട്രെയിനിങ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് സബീന ഷാജി മുഖ്യപ്രഭാഷണം നടത്തി.
 മാതൃഭൂമി ഓണ്ലൈന് കണ്സള്ട്ടന്റ് സുനില് പ്രഭാകര് ക്ലാസ് നയിച്ചു. മികച്ച ഓണ്ലൈന് അധ്യാപന രീതികള്, വെല്ലുവിളികള്, ഇതിനെ അതിജീവിച്ച് പഠനം എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം, ഡിജിറ്റല് അധ്യാപനത്തിനുള്ള ടെക് പ്ലാറ്റ്ഫോമുകള് തുടങ്ങിയവയെല്ലാം അദ്ദേഹം ക്ലാസില് വിശദീകരിച്ചു.
 ഞായറാഴ്ച രാവിലെ 10.30 മുതല് നടന്ന വെബിനാറില് കേരളത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നായി 1200 ലേറെ അധ്യാപകര് പങ്കെടുത്തു. മാതൃഭൂമി ചീഫ് സബ് എഡിറ്റര് ഡോ.കെ.സി.കൃഷ്ണകുമാര് സ്വാഗതം പറഞ്ഞു. മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജര് പി.സിന്ധു നന്ദി പറഞ്ഞു. മാതൃഭൂമി മീഡിയ സ്കൂള് സീനിയര് ഫാക്കല്റ്റി പി.പി.സന്ധ്യ വെബിനാറില് മോഡറേറ്ററായി.

June 30
12:53 2021

Write a Comment

Related News