SEED News

സീഡ് വേദിയൊരുക്കി; നാടിന്റെ പ്രശ്‌നങ്ങളോട് പ്രതികരിച്ച് വിദ്യാർഥികൾ

കോഴിക്കോട് : മാതൃഭൂമി സീഡൊരുക്കിയ ഓൺലൈൻ വേദിയിൽ നാടിന്റെ പ്രശ്നങ്ങൾ കുട്ടികൾ ഒന്നൊന്നായി വെളിച്ചത്തുകൊണ്ടുവന്നു. തെരുവുനായ ശല്യവും തെരുവുവിളക്ക് കത്താത്തതും മുതൽ ആശുപത്രിമാലിന്യം ശരിയായി സംസ്കരിക്കാത്തതുവരെ ചർച്ചയായി. അങ്കണവാടിയിലേക്ക് വഴി നിർമിക്കണമെന്നും പുഴമലിനീകരണം തടയണമെന്നുമൊക്കെ ഓപ്പൺഫോറത്തിൽ കുട്ടികൾ ആവശ്യപ്പെട്ടപ്പോൾ അധികൃതർ ശ്രദ്ധാപൂർവം ചെവിയോർത്തു.

പരിസ്ഥിതിയോടും പ്രകൃതിയോടും സമൂഹത്തോടും കുട്ടികൾ തങ്ങൾക്കുള്ള കരുതൽ പ്രകടമാക്കി. ഓൺലൈൻ പഠനത്തിന് റേഞ്ച് കിട്ടാത്തതുമുതൽ വീടിനടുത്തുള്ള കോളനിയിൽ കഞ്ചാവ് വിൽക്കുന്നതുവരെ വിദ്യാർഥികളുടെ ചർച്ചയ്ക്ക് വിഷയമായി. പരിഹാരം നിർദേശിക്കാവുന്നവയ്ക്ക് അധികൃതർ പരിഹാരനടപടികൾ ഉറപ്പുനൽകി. മറ്റുള്ളവയ്ക്ക് പരിഹാരത്തിനുള്ള കൃത്യമായ പോംവഴികൾ നിർദേശിച്ചു. കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി, ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്. ഗോപകുമാർ, ഹരിതകേരളം മിഷൻ കോ-ഓർഡിനേറ്റർ പി. പ്രകാശ്, മലിനീകരണ നിയന്ത്രണബോർഡ് ചീഫ് എൻവയോൺമെന്റൽ എൻജിനിയർ ആർ. സിന്ധു എന്നിവരായിരുന്നു പാനൽ അംഗങ്ങൾ.

കോഴിക്കോട് ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡന്റ് ആർ.എസ്. സിന്ധു അധ്യക്ഷയായി. സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ഗീതാ നായർ മോഡറേറ്ററായിരുന്നു. മാതൃഭൂമി സ്പെഷ്യൽ കറസ്പോണ്ടന്റ് എം.പി. സൂര്യദാസ് സംസാരിച്ചു.

August 02
12:53 2021

Write a Comment

Related News