പ്ലാസ്റ്റിക് മാലിന്യം തള്ളുന്നു, കത്തിക്കുന്നു വാഴക്കാല നവനിർമാൺ സ്‌കൂളിന് സമീപത്തെ ഇടവഴിയിൽ മാലിന്യം തള്ളിയിരിക്കുന്നു
കൊച്ചി: വാഴക്കാല നവനിർമാൺ വിദ്യാലയത്തിന് സമീപത്തെ ഇടവഴിയിൽ മാലിന്യം കുമിഞ്ഞുകൂടുന്നു. പ്ലാസ്റ്റിക് മാലിന്യം ഇടുന്നതു കൂടാതെ കൂട്ടിയിട്ട് കത്തിക്കുന്നതും ഇവിടെ പതിവാണ്. ഇടവഴിയിലെ ഉപയോഗമില്ലാതെ കിടക്കുന്ന തുറസായ സ്ഥലത്താണ് ദിവസേന മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നത്. മാലിന്യം ഇടുന്നത് വിലക്കി പലതവണ ബോർഡ് സ്ഥാപിച്ചെങ്കിലും ഫലമുണ്ടാവുന്നില്ല.
പ്രദേശവാസികളിൽ നിന്ന് പരാതി ലഭിക്കാറുള്ളതിനാൽ നഗരസഭയുടെ നേതൃത്വത്തിൽ ഇവിടെ വൃത്തിയാക്കുകയും മാലിന്യം എടുത്തുകൊണ്ടു പോവുകയും ചെയ്യാറുണ്ട്. എന്നാൽ, മാലിന്യം മാറ്റുന്ന മുറയ്ക്ക് വീണ്ടും മാലിന്യമിടുന്നു.
പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ ഉണ്ടാവുന്ന പുക കാരണം പലതരത്തിലുള്ള അസ്വസ്ഥതകളും പരിസരവാസികൾക്ക് ഉണ്ടാവാറുണ്ട്. എന്നാൽ മാലിന്യമിടുന്നവരെ കണ്ടെത്താൻ കഴിയുന്നില്ല. നവനിർമാൺ സ്കൂളിലെ വിദ്യാർത്ഥികളായ ഐസാനും ഇഹിയാനും ചേർന്ന് കഴിഞ്ഞ ദിവസവും ‘ഇവിടെ മാലിന്യം നിക്ഷേപിക്കരുത്’ എന്ന ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ, അടുത്ത ദിവസം മുതൽ ഇവിടെ വീണ്ടും മാലിന്യം തള്ളിത്തുടങ്ങിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളെ വൃത്തിയായി സൂക്ഷിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നാണ് ആവശ്യം.
രഹാൻ അസ്‌ലം സീഡ് റിപ്പോർട്ടർ നവനിർമാൺ പബ്ലിക് സ്‌കൂൾ,വാഴക്കാല
August 04
12:53
2021