environmental News

മിനര്‍വാര്യ പെന്റാലി; പശ്ചിമഘട്ടത്തില്‍ നിന്ന് പുതിയൊരു കുഞ്ഞന്‍തവള

ഡൽഹി സർവകലാശാല മുൻ വൈസ് ചാൻസലറും പ്രശസ്ത സസ്യശാസ്ത്രജ്ഞനുമായ ദീപക് പെന്റാലിന്റെ നാമത്തിൽ പുതിയൊരു തവളയിനം പശ്ചിമഘട്ടത്തിൽനിന്ന്. 'മിനർവാര്യ പെന്റാലി' എന്ന് പേരിട്ട കുഞ്ഞൻതവളയെ പത്തുവർഷത്തെ പഠനത്തിനൊടുവിലാണ് ഗവേഷകർ അവതരിപ്പിച്ചത്.

ഡൽഹി സർവകലാശാലയിലെ ഉഭയജീവി ഗവേഷകരാണ് കണ്ടെത്തലിനുപിന്നിൽ. ഉത്തർപ്രദേശ് സ്വദേശി ഡോ. സൊണാലി ഗാർഗും മലയാളിയായ പ്രൊഫ. സത്യഭാമദാസ് ബിജുവും (എസ്.ഡി. ബിജു) ചേർന്ന് നടത്തിയ കണ്ടെത്തലിന്റെ റിപ്പോർട്ട് 'എഷ്യൻ ഹെർപ്പറ്റോളജിക്കൽ റിസർച്ച്' ജേർണലിന്റെ പുതിയ ലക്കത്തിലാണുള്ളത്.

തെക്കൻ പശ്ചിമഘട്ട മേഖലയിൽ കാണപ്പെടുന്ന 'മിനർവാര്യ' ജനുസിൽപ്പെട്ട ഈ വിഭാഗം ഉഭയജീവി ഗവേഷകർക്ക് വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയാണ്. ബാഹ്യഘടന സംബന്ധിച്ച താരതമ്യം, ജനിതകവിശകലനം, കരച്ചിൽ പാറ്റേണുകൾ-ഇങ്ങനെ വ്യത്യസ്ത പരിശോധനകൾക്ക് ഒടുവിലാണ് 'മിനർവാര്യ പെന്റാലി' പുതിയൊരു തവള സ്പീഷിസ് ആണെന്ന് ഗവേഷകർ ഉറപ്പിച്ചത്. ഇതുവരെ തിരിച്ചറിഞ്ഞ മിനർവാര്യൻ തവളകളിൽ ഏറ്റവും ചെറിയ ഇനമാണിത്.

ഡൽഹി സർവകലാശാലയിൽ പരിസ്ഥിതി പഠനവിഭാഗത്തിൽ ഡോ. ബിജുവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 'സിസ്റ്റമാറ്റിക്സ് ലാബി'ലാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇതുവരെ തിരിച്ചറിഞ്ഞ ഉഭയജീവികളിൽ നാലിലൊന്നു ഭാഗത്തെക്കുറിച്ചുമുള്ള പഠനം നടന്നത്. ''2006-ൽ ഈ ലാബ് സ്ഥാപിക്കാൻ ഏറെ പ്രോത്സാഹനം നൽകിയത് വൈസ്ചാൻസലറായിരുന്ന പ്രൊഫ. ദീപക് പെന്റാലാണ്'' -ഡോ. ബിജു പറയുന്നു. ''അതിന്റെ അംഗീകാരമെന്ന നിലയ്ക്കാണ് പുതിയ തവളയിനത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്.'' ഡോ. ബിജുവിന്റെ മേൽനോട്ടത്തിൽ ഉഭയജീവിപഠനത്തിൽ പിഎച്ച്.ഡി. നേടിയ ഡോ. സൊണാലി ഡൽഹി സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകയാണ്.

ജോസഫ് ആന്റണി.


August 05
12:53 2021

Write a Comment