SEED News

സീഡ് വാർത്തയിൽ പ്രസിഡന്റിന്റെ ഉറപ്പ്; റോഡു ശരിയാക്കും


പുലിയൂർ: ചളിനിറഞ്ഞു തകർന്നുകിടക്കുന്ന പുലിയൂർ ശാസ്താംപടി കരിങ്കുളം തൈത്തറ പാടശേഖരം റോഡ് ശരിയാക്കുമെന്ന്‌ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാറിന്റെ ഉറപ്പ്. 
പേരിശ്ശേരി ഗവ. യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് റിപ്പോർട്ടർ മിയോൺ ടി. മനോജിന്റെ റിപ്പോർട്ടിനെത്തുടർന്ന്‌ പ്രസിഡന്റ് സ്ഥലം സന്ദർശിച്ചു. സീഡ് റിപ്പോർട്ടറുമായി സംസാരിച്ച പ്രസിഡന്റ് എം.എൽ.എ.ഫണ്ടിൽനിന്ന്‌ 10 ലക്ഷം രൂപയും കെ.എം.ഡി.സി. റോഡുവികസനപദ്ധതി വഴി വശങ്ങളുടെ നിർമാണത്തിനും മണ്ണിട്ടു റോഡുയർത്താനും ഫണ്ടു ലഭ്യമാക്കുമെന്ന്‌ ഉറപ്പുനൽകി. 
കഴിഞ്ഞ 15 വർഷമായി റോഡു കാൽനടയാത്രപോലും സാധിക്കാത്തവിധം കുണ്ടും കുഴിയും വെള്ളക്കെട്ടുമായി കിടക്കുകയാണ്. 15 കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ കുട്ടികൾ സ്കൂളിൽ പോകാനും ഏറെ ബുദ്ധിമുട്ടുന്നു. ആശുപത്രിയിലേക്കു പോകാൻ ഓട്ടോറിക്ഷപോലും കടന്നുവരില്ല. സ്കൂൾ തുറക്കുമ്പോൾ ചളിപുരളാതെ യാത്രചെയ്യാമെന്ന പ്രതീക്ഷയിലാണു വിദ്യാർഥികൾ.

August 24
12:53 2021

Write a Comment

Related News