SEED News

കൂട്ടുകാരുടെ ഓണസദ്യക്ക്‌ സാൻവികയുടെ പച്ചക്കറി.

കൊച്ചി: സഹപാഠികളുടെ വീട്ടിലെ ഓണസദ്യക്ക്‌ പച്ചക്കറികൾ നൽകി സാൻവിക. എന്റെ കൃഷിത്തോട്ടം പദ്ധതിയുടെ ഭാഗമായാണ്‌ സാൻവിക കൃഷിത്തോട്ടം ആരംഭിച്ചത്. പലരും പാതിവഴിക്ക്‌ ഉപേക്ഷിച്ചെങ്കിലും സാൻവികയുടെ ജീവിതത്തിന്റെ ഭാഗമായി കൃഷി മാറിയിരിക്കുകയാണ്. പച്ചാളം എൽ.എം.സി. ബോയ്‌സ് എൽ.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്‌ പി.എസ്. സാൻവിക. പുഴയോടു ചേർന്നുള്ള തന്റെ ചെറിയ വീട്ടുപരിസരമാണ് സാൻവിക കൃഷിത്തോട്ടമായി മാറ്റിയത്. നാലു സെന്റിലെ സ്ഥലത്തെ മണ്ണ് കൃഷിക്കു പറ്റാത്തതായതിനാൽ പ്രത്യേകം മണ്ണ് ഇറക്കിയാണ് കൃഷി ആരംഭിച്ചത്. വീടിന്റെ ടെറസിലും ഗ്രോബാഗിലുമാണ് ഈ ജൈവ കർഷകയുടെ കൃഷിയും വിളവെടുപ്പുമെല്ലാം. തന്റെ കൃഷിയിടത്തിലെ മത്തൻ, ചീര, ചേമ്പും ചേനയും, കാന്താരിമുളക്‌, പപ്പായ, അമ്പഴം, വേപ്പ്, വാഴ, വെണ്ട, ഇഞ്ചി, ചീരച്ചേമ്പ്, അച്ചിങ്ങ, വഴുതന, തക്കാളി, കപ്പ, പാവൽ എന്നിവ തന്റെ സഹപാഠികൾക്ക് ഓണസദ്യ ഒരുക്കാൻ അദ്ധ്യാപകർക്കു നൽകി. ഇതിനു മുൻപുള്ള വിളവെടുപ്പിലെ ഫലങ്ങൾ അടുത്ത വീടുകളിലേക്കായിരുന്നു സാൻവിക നൽകിയിരുന്നത്. എൽ.എം.സി. ബോയ്‌സ് എൽ.പി. സ്‌കൂളിലെ പ്രധാനാധ്യാപകൻ പീറ്റർ ജോർജ്, സീഡ് കോ-ഓർഡിനേറ്റർ ശീതൾ ക്ലാരൻസ്, അദ്ധ്യാപികയായ ജാൻസി ലോപ്പസ് എന്നിവർ ചേർന്ന്‌ പച്ചക്കറികൾ ഏറ്റുവാങ്ങി.

August 25
12:53 2021

Write a Comment

Related News