SEED News

മഹാത്മായുടെ 'മഹാ'ചിത്രമൊരുക്കി തണ്ടേക്കാട് സ്‌കൂൾ പങ്കാളികളായി 'മാതൃഭൂമി' സീഡ് ക്ലബ്ബും

പെരുമ്പാവൂർ: 2272 ചതുരശ്രയടി വലുപ്പത്തിൽ ഗാന്ധിചിത്രം വരച്ച് തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂൾ. ഗാന്ധിജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായി സംഘടിപ്പിച്ച ചിത്രരചനയിൽ ചിത്രകാരനും കാർട്ടൂണിസ്റ്റുമായ ഷാനവാസ് മുടിക്കലിന്റെ നേതൃത്വത്തിൽ സ്‌കൂളിലെ 'മാതൃഭൂമി' സീഡ് ക്ലബ്ബ് അംഗങ്ങളായ 120 വിദ്യാർഥികളും ഉദ്യമത്തിൽ പങ്കാളികളായി. 553 ചാർട്ട് പേപ്പറുകളിലായി കറുത്തമഷി ഉപയോഗിച്ചാണ് 'സ്റ്റെൻസിൽ' രീതിയിൽ ചിത്രം പൂർത്തിയാക്കിയത്. 10 ദിവസങ്ങളായി 50 മണിക്കൂറോളം ഇതിനായി ചെലവഴിച്ചു.

സ്വാതന്ത്ര്യസമര സേനാനികളുടെയും സാമൂഹിക പരിഷ്‌കർത്താക്കളുടെയും ത്യാഗവും സേവനവും പുതുതലമുറയ്ക്ക് പകർന്നുനൽകുകയെന്ന ലക്ഷ്യത്തോടെ 'ഭാരതീയം' എന്ന പേരിൽ സംഘടിപ്പിക്കുന്ന ചിത്രപരമ്പരയിലെ ആദ്യത്തേതാണ് തണ്ടേക്കാട് സ്‌കൂളിലെ 'ഗാന്ധിയം' എന്ന ചിത്രമെന്ന് ഷാനവാസ് മുടിക്കൽ പറഞ്ഞു. കേരളത്തിൽ പലയിടങ്ങളിലായി 100 ചിത്രങ്ങളാണ് പരമ്പരയുടെ ഭാഗമായി വരയ്ക്കുന്നത്.

പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.എ. നൗഷാദ്, ഷൈനി പി.എം., ശ്രീവിദ്യ എം.എൻ., അജീന ബഷീർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി. ഒരു പക്ഷേ, സ്‌കൂൾ വിദ്യാർഥികൾ ഒരുക്കിയ ഏറ്റവും വലിയ ഗാന്ധിചിത്രമായിരിക്കും 'ഗാന്ധിയം' എന്ന് സ്‌കൂൾ മാനേജർ പി.എ. മുക്താർ പറഞ്ഞു. ബെന്നി ബഹനാൻ എം.പി., പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ജ്യോതിസ് ബെൻ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, എം.ബി. ഹമീദ് ഗോപാൽ ഡിയോ, സി.കെ. അബു, പി.എം. നാസർ, സുധീർ മീന്ത്രക്കൽ, ഷാജിത നൗഷാദ്, എ.എം. സുബൈർ, സുധീർ മുച്ചേത്ത്, പോൾ പാത്തിക്കൽ, ജോർജ് നരേപറമ്പിൽ, ജോസ് നെറ്റിക്കാടൻ എന്നിവരുൾപ്പെടെ നൂറുകണക്കിനാളുകൾ ചിത്രം കാണാനെത്തി. ഹെഡ്മാസ്റ്റർ വി.പി. അബൂബക്കർ, പ്രിൻസിപ്പൽ കെ.എച്ച്. നിസാമോൾ, പി.ടി.എ. പ്രസിഡന്റ് നിസാർ മുഹമ്മദ്, എം.കെ. ഷംസുദ്ദീൻ, കെ.കെ. മജീദ്, ഷാജഹാൻ കെ.ബി. എന്നിവർ നേതൃത്വം നൽകി.

October 01
12:53 2021

Write a Comment

Related News