കോവിഡുകാലത്ത് സ്‌കൂൾ തുറക്കുമ്പോൾ' വേണ്ടത് വായുസഞ്ചാരമുള്ള ക്ലാസ് മുറികൾ -ഡോ. രാജീവ് ജയദേവൻ
കൊച്ചി: കോവിഡുകാലത്ത് സ്കൂളുകൾ തുറക്കുമ്പോൾ ക്ലാസ് മുറികളിലെ വായുസഞ്ചാരത്തിനാണ് മുഖ്യപ്രാധാന്യം നൽകേണ്ടതെന്ന് ഐ.എം.എ. കേരള റിസർച്ച് സെൽ വൈസ് ചെയർമാൻ ഡോ. രാജീവ് ജയദേവൻ. 'കോവിഡുകാലത്തെ സ്കൂൾ തുറപ്പും സുരക്ഷയും' എന്ന വിഷത്തിൽ മാതൃഭൂമി സീഡും ഫെഡറൽ ബാങ്കും ചേർന്ന് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെബിനാറിൽ സംസ്ഥാനത്തെ ആയിരത്തിലധികം വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരുമാണ് നിരവധി സംശയങ്ങളുമായി എത്തിയത്. ഇതിനൊപ്പം യൂട്യൂബ് ലൈവിലൂടെ എണ്ണൂറോളം പേർ വെബിനാർ കണ്ടു.
അന്തരീക്ഷത്തിൽ മണിക്കൂറുകളോളം തങ്ങിനിൽക്കുന്ന വൈറസിലൂടെയാണ് കോവിഡ് പകരുന്നതെന്നതിനാൽ ക്ലാസ് മുറികളിലെ വാതിലുകളും ജനലുകളും എപ്പോഴും തുറന്നിടാൻ ശ്രദ്ധിക്കണമെന്ന് ഡോ. രാജീവ് ജയദേവൻ പറഞ്ഞു. മുറിയുടെ വലിപ്പമനുസരിച്ച് ഇരിക്കുന്ന വിദ്യാർഥികളുടെ എണ്ണവും അവർ ഇരിക്കുന്ന സമയവും പരമാവധി കുറയ്ക്കണം. ശൗചാലയങ്ങളിൽ എക്സ്‌ഹോസ്റ്റ് ഫാൻ ഘടിപ്പിച്ച് വായുസഞ്ചാരം ഉറപ്പാക്കാം. സംസാരത്തിലൂടെയാണ് കോവിഡ് വൈറസ് വ്യാപിക്കുന്നത് എന്നതിനാൽ മാസ്ക് ധരിക്കുന്നതിനൊപ്പം സംസാരവും കുറയ്ക്കുക. സ്‌കൂളിൽ പോകുന്ന വിദ്യാർഥികളുള്ള വീടുകളിലെ 60 വയസ്സിന് മുകളിലുള്ളവർ നിർബന്ധമായും രണ്ടു ഡോസ് കോവിഡ് വാക്‌സിൻ എടുത്തിരിക്കണം. സ്‌കൂളുകളിൽ നിന്ന് കുട്ടികൾക്ക് വൈറസ് ബാധിച്ചാൽ അത് വീട്ടിലെ മുതിർന്നവരെ ബാധിക്കാനും ഗൗരവതരമാകാനും ഇടയുണ്ടെന്നതിനാലാണ് ഇത്.
കോവിഡ് പ്രതിരോധത്തിൽ കുട്ടികൾ മറ്റുള്ളവർക്ക് മാതൃകയാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഫെഡറൽ ബാങ്ക് തൃശ്ശൂർ മേഖലാ സീനിയർ മാനേജർ ടി.എസ്. ബാലസുബ്രഹ്മണ്യൻ പറഞ്ഞു. ‘മാതൃഭൂമി’ കൊച്ചി യൂണിറ്റ മാനേജർ പി. സിന്ധു, സോഷ്യൽ ഇനീഷ്യേറ്റീവ് എക്സിക്യുട്ടീവ് റോണി ജോൺ എന്നിവരും സംസാരിച്ചു.
ഡോ. രാജീവ് ജയദേവൻ വിദ്യാർത്ഥികൾക്ക് നൽകിയ പ്രധാന നിർദ്ദേശങ്ങൾ
* സാനിറ്റൈസറിനേക്കാൾ സോപ്പിട്ട് കൈകഴുകലിനാണ് പ്രാധാന്യം നൽകേണ്ടത്.
* ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കുക.
* ഒരു ക്ലാസിലുള്ള കുട്ടികൾ മറ്റു ക്ലാസുകളിലുള്ള കുട്ടികളുമായി ഇടപഴകാതിരിക്കുക.
* ഏറ്റവും കൂടുതൽ ആളുകൾ ഏറ്റവും കൂടുതൽ തവണ സ്പർശിക്കുന്നയിടങ്ങൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുക (ഡോർ ഹാൻഡിൽ, വെള്ളമെടുക്കുന്ന ടാപ്പ്)
* പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവർ സ്കൂളിൽ പോകാതിരിക്കുക.
* മുഖത്തോട് ചേർന്നിരിക്കുന്ന മാസ്ക് വേണം ധരിക്കാൻ. രണ്ടുമൂന്നെണ്ണം കൈയിൽ അധികമായി കരുതുകയും വേണം.
October 25
12:53
2021