പുഴയോര മുളവത്കരണവുമായി ജ്ഞാനോദയ സ്കൂൾ
താമരശ്ശേരി: മൈക്കാവ് സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുഴയോര മുളവത്കരണമാരംഭിച്ചു. കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോച്ചൻ മുളത്തൈ നട്ട് ഉദ്ഘാടനംചെയ്തു. ഇരുവഞ്ഞിപ്പുഴയുടെ തീരത്താണ് മുളവത്കരണമാരംഭിച്ചത്. വിദ്യാർഥികൾ പുഴയോരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ലൗ പ്ലാസ്റ്റിക് പദ്ധതിയിലൂടെ പുനഃചംക്രമണത്തിന് നൽകി. വിദ്യാർഥികളുടെ നേതൃത്വത്തിൽ പുഴ നടത്തവും പുഴ സംരക്ഷണ പ്രതിജ്ഞയുമെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഫാ. റെജി കോലാനിക്കൽ, അധ്യാപകരായ സിസ്സി സണ്ണി, അനീഷ സാജു വിദ്യാർഥികളായ സീതാലക്ഷ്മി, ഹൃദ്യ ലക്ഷ്മി, അഖിൽ നിധീഷ് എന്നിവർ നേതൃത്വംനൽകി.
January 18
12:53
2022