വനിതാദിനം 2022 ആലുവ ആർബറേറ്റത്തിൽ
തന്റെ ചലച്ചിത്രങ്ങളിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി സംവിധായകൻ സത്യൻ അന്തിക്കാട്. ആലുവ ആർബറേറ്റത്തിൽ 'മാതൃഭൂമി' സീഡ് കോ-ഓർഡിനേറ്റർമാരായ അധ്യാപികമാർക്ക് മുൻപിലാണ് സത്യൻ അന്തിക്കാട് മനസ്സ് തുറന്നത്. തന്റെ ചലച്ചിത്രങ്ങളിൽ സ്ത്രീകളുടെ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകാറുണ്ട്. വനിതകൾക്കു വേണ്ടിയൊരു ദിനം മാറ്റി വെക്കേണ്ടതില്ല, എല്ലാ ദിവസവും അവരുടേതാക്കി മാറ്റണം. താൻ കുടുംബത്തിന്റെ മൂല്യങ്ങൾക്ക് ശക്തി പകരുന്ന ചലച്ചിത്രം മാത്രമേ ചെയ്യുകയുള്ളൂ എന്നും സത്യൻ അന്തിക്കാട് പറഞ്ഞു. തന്റെ ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങളായ സ്ത്രീകളെ തോൽക്കാൻ സമ്മതിക്കാറില്ല. പല സിനിമകളിലും ഹീറോയ്ക്കു വേണ്ടി സ്ത്രീകൾ തോൽക്കുന്നതായി കാണിക്കേണ്ടി വരുന്നത് കൈയടിക്കു വേണ്ടിയാണ്.സ്ഥിരം റൂട്ടിലൂടെയാണ് തന്റെ സിനിമകളുടെ സഞ്ചാരം. അറിയാത്ത വഴികളിലൂടെ സഞ്ചരിച്ച് അപകടമുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി സത്യൻ അന്തിക്കാട് പറഞ്ഞു. ആലുവ ആർബറേറ്റത്തിൽ അദ്ദേഹം മാവിൻതൈ നട്ടു. 'മാതൃഭൂമി' സീഡ് ആരംഭിച്ചതിനു ശേഷം ബെസ്റ്റ് സീഡ് കോ-ഓർഡിനേറ്റർ പുരസ്‌കാരം നേടിയ അധ്യാപികമാരാണ് പരിപാടിയിൽ പങ്കെടുത്തത്. മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജർ പി. സിന്ധു സ്വാഗതം ആശംസിച്ചു.
മറ്റൊരു സന്ദേശത്തെ പറ്റി ചിന്തിക്കുന്നു
ആലുവ: മുപ്പത് വർഷം മുൻപ് ‘സന്ദേശം’ പോലൊരു ചലച്ചിത്രം പുറത്തിറക്കുമ്പോൾ അത് തിയേറ്ററുകളിൽ ഓടണമെന്ന് മാത്രമേ കരുതിയിരുന്നുള്ളൂ. എന്നാൽ, അന്നത്തെ സന്ദേശത്തിൽ പറയുന്ന കാര്യങ്ങളിൽനിന്ന് ഒരിഞ്ച് പോലും കേരളം മുന്നോട്ടു പോയിട്ടില്ല. അതിനാൽ കാലത്തിന് അതീതമായി ചലച്ചിത്രം സഞ്ചരിക്കുകയും ഇന്നും പ്രസക്തിയുള്ള വിഷയമായി മാറുകയും ചെയ്തു. ആറ് വർഷം കൊണ്ടാണ് സന്ദേശം രൂപപ്പെട്ടത്. ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയം പറയുന്ന മറ്റൊരു സന്ദേശത്തെ പറ്റി ചിന്തിക്കണമെന്ന് ശ്രീനിവാസനോട് പറഞ്ഞിട്ടുണ്ട്. അതിന് സമയമെടുക്കും - സത്യൻ അന്തിക്കാട് പറഞ്ഞു.