കൈവരികൾ തകർന്നു; ചെറുപുഴ പാലം അപകടാവസ്ഥയിൽ
വെണ്ണിയോട്: കാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള വെണ്ണിയോട് ചെറുപുഴ പാലം അപകടാവസ്ഥയിൽ.1987-ലാണ് വെണ്ണിയോട് ചെറുപുഴയ്ക്ക് കോൺക്രീറ്റ് പാലം പണിതത്. പാലത്തിന്റെ പാർശ്വഭാഗങ്ങളിലെ കൈവരികൾ തകർന്നത് യാത്രക്കാരിൽ ഭീഷണി ഉയർത്തുകയാണ്. കുട്ടികൾ അടക്കം നിരവധി പേരാണ് ദിവസവും കാൽനടയായി അടക്കം പാലത്തിലൂടെ സഞ്ചരിക്കുന്നത്.വർഷകാലത്ത് ചെറുപുഴ കവിഞ്ഞ് പാലത്തിനുമുകളിൽ വെള്ളം കയറാറുണ്ട്. കൈവരി അപകടാവസ്ഥയിലായതോടെ പാലവും,പുഴയും തിരിച്ചറിയാൻ കഴിയാതെ വരും. സിഗ്നലുകൾ സ്ഥാപിക്കാത്തതും, വശങ്ങളിൽ കാടുമൂടിയതും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പാലത്തിന്റെ ബീമുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും പാലം വിദഗ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരിസരവാസികൾ ആവശ്യപ്പെടുന്നു. വെണ്ണിയോടുള്ള ജൈനക്ഷേത്രത്തിലേക്കും കുറുമ്പാക്കോട്ട മലമുകളിലെ ക്ഷേത്രത്തിലേക്കുമുള്ളവരടക്കം ഈ പാലം കടന്നാണ് പോകുന്നത്. പടിഞ്ഞാറത്തറ ബാണാസുര സാഗർ, കർളാട് തടാകം എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരികളും ഈ വഴിയെ ആശ്രയിക്കാറുണ്ട്. പുലർച്ചെ സൂര്യോദയം കാണാനായി കുറുമ്പാലക്കോട്ടയെ ലക്ഷ്യമാക്കി എത്തുന്ന സഞ്ചാരികളും ഇതുവഴിയാണ് പോകുന്നത്. കല്പറ്റ - വെണ്ണിയോട് റൂട്ടിൽ സ്വകാര്യബസുകൾ ഓടുന്നതും ഇതുവഴിയാണ്. ഇരുചക്രവാഹനങ്ങളിലും കാറുകളിലും വരുന്ന യാത്രികരുടെ എണ്ണവും വർധിച്ചു. പാലത്തിന്റെ ശോചനീയാവസ്ഥയ്ക്ക് വൈകാതെ പരിഹാരം കണ്ടില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. അളകനന്ദ എം. ബി എസ്.എ.എൽ.പി.സ്കൂൾ, വെണ്ണിയോട്
|