SEED News

ഭൂമിയിൽ മനുഷ്യന് ഒറ്റയ്‌ക്ക്‌ അതിജീവിക്കാനാവില്ല -വി.പി. ജോയ്‌

ഭൂമിയിൽ മനുഷ്യന് ഒറ്റയ്ക്ക് അതിജീവിക്കാമെന്നത് മൗഢ്യമാണെന്നാണ് കോവിഡ് നമുക്ക് കാണിച്ചുതന്നതെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ്. ഒറ്റയ്ക്കുജീവിക്കാം, പക്ഷേ അതിജീവനം കൂട്ടമായേ സാധ്യമാകൂ എന്നതാണ് പരിസ്ഥിതിയുടെ ഏറ്റവുംവലിയ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

14-ാം വർഷത്തിലേക്ക് കടക്കുന്ന മാതൃഭൂമി സീഡിന്റെ 2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കെ.പി. കേശവമേനോൻ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നിയന്ത്രണാതീതമായ ഉപഭോഗത്തിനുപകരം മനുഷ്യന്റെ ആവശ്യത്തിനനുസരിച്ചു മാത്രം പരിമിതപ്പെടുത്തുന്ന ഉപഭോഗ സംസ്കാരം വളർത്തിയെടുക്കേണ്ടത് ഭൂമിയുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. കേരളമാണ് സുസ്ഥിരവികസനത്തിൽ രാജ്യത്ത് മൂന്നാംവർഷവും ഒന്നാമതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ജൈവവൈവിധ്യവും പ്രകൃതിഭംഗിയും ഇനിയും നിലനിർത്തേണ്ടതുണ്ടെന്ന് വരുംതലമുറയെ ഓർമപ്പെടുത്താനാണ് നമ്മൾ സീഡ് പദ്ധതി നടപ്പാക്കുന്നതെന്നും വി.പി. ജോയ് പറഞ്ഞു.

കേരളത്തിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ മുന്നിൽ എന്നും മാതൃഭൂമി ഉണ്ടായിരുന്നു എന്നതിന് തെളിവാണ് സൈലന്റ്‌വാലിയും പ്ലാച്ചിമടയുമെന്ന് അധ്യക്ഷത വഹിച്ച മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ പറഞ്ഞു. മാതൃഭൂമിയുമായി ചേർന്നുള്ള സീഡ് പദ്ധതി അഭിമാനകരമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ടി.എസ്. മോഹനദാസ് പറഞ്ഞു.

നമുക്ക് ഒരു ഭൂമിയേ ഉള്ളൂവെന്ന് ഓർമ വേണമെന്ന് ആശംസാ പ്രസംഗത്തിൽ സബ്കളക്ടർ വി. ചെൽസാസിനി പറഞ്ഞു. സീഡ് എന്ന പ്ലാറ്റ്‌ഫോമാണ് തന്റെ മകന് ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥനാവാൻ അവസരം ലഭിക്കുന്ന രീതിയിൽ പരുവപ്പെടുത്തിയതെന്ന് കൃഷിവകുപ്പ് അസി. ഡയറക്ടർ അനിത പാലേരി പറഞ്ഞു.

പരിസ്ഥിതി അവബോധം വെറും മരംനടലിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗം എ.സി.എഫ്. എം. ജോഷിൽ പറഞ്ഞു. അഡീഷണൽ ഡി.എം.ഒ. ഡോ. പിയൂഷ് നമ്പൂതിരിപ്പാട്, മാതൃഭൂമി സീനിയർ റീജണൽ മാനേജർ സി. മണികണ്ഠൻ, പീരിയോഡിക്കൽസ് അസി. എഡിറ്റർ ഡോ. കെ.സി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

വി.പി. ജോയ്‌യുടെ കവിതകളെ അടിസ്ഥാനമാക്കി ഡോ. മണക്കാല ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ഹരിതകാവ്യസംഗീത സദസ്സുമുണ്ടായിരുന്നു. പ്രൊഫ. വി. സൗന്ദര രാജൻ (വീണ), ചേർത്തല വിവേക് ആർ. ഷേണായി (പുല്ലാങ്കുഴൽ), നാഞ്ചിൽ എ.ആർ. അരുൺ (മൃദംഗം), ശ്രുതി വൈശാഖ് (സാഹിത്യാവതരണം) എന്നിവരായിരുന്നു പിന്നണിയിൽ.

‘അക്ഷരാർഥത്തിൽ പ്രകൃതി’ എന്നവിഷയത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവുമുണ്ടായിരുന്നു.

June 08
12:53 2022

Write a Comment