reporter News

കണ്ടങ്കരി-ചമ്പക്കുളം റോഡ്: കുട്ടികൾ കളക്ടർക്കു പരാതിനൽകി


എടത്വാ: തകർന്നുകിടക്കുന്ന കണ്ടങ്കരി-ചമ്പക്കുളം റോഡു പുനർനിർമിച്ച് സ്കൂളിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കണ്ടങ്കരി ഡി.വി.എച്ച്.എസ്.എസിലെ വിദ്യാർഥികൾ കളക്ടർ വി.ആർ. കൃഷ്ണതേജയ്ക്കു പരാതിനൽകി. പത്താംക്ലാസ് വിദ്യാർഥിനി ആതിര ജെ. നായർ, എട്ടാംക്ലാസ് വിദ്യാർഥി ഹൃഷികേശ് നായർ, അഞ്ചാംക്ലാസ് വിദ്യാർഥി അഭിനവ് സുഭാഷ് എന്നിവരാണ് രക്ഷിതാക്കളോടൊപ്പം കളക്ടറെ സമീപിച്ചത്. കുഴികൾ അടിയന്തരമായി അടയ്ക്കാമെന്നും ഗതാഗതയോഗ്യമാക്കുന്നതിന് പൊതുമരാമത്തു വകുപ്പുമായി ബന്ധപ്പെട്ടു വേണ്ട നടപടികൾ സ്വീകരിക്കാമെന്നും കളക്ടർ കുട്ടികൾക്ക്‌ ഉറപ്പുനൽകി. 
തുടർന്നു കളക്ടറുടെ നിർദേശപ്രകാരം പൊതുമരാമത്തുവകുപ്പ് റോഡിലെ കുഴികളിൽ മണ്ണുവിരിച്ചു താത്കാലിക ആശ്വാസമൊരുക്കി.
കാൽനടയാത്രപോലും അസാധ്യമായ കണ്ടങ്കരി-ചമ്പക്കുളം റോഡിനെക്കുറിച്ച് മാതൃഭൂമി സീഡ് റിപ്പോർട്ടർ ശനിയാഴ്ച വാർത്ത നൽകിയിരുന്നു. തായങ്കരി മുതൽ മൂന്നര കിലോമീറ്റർ ദൂരത്തിൽ റോഡ് പൂർണമായും തകർന്നുകിടക്കുകയാണ്. റോഡിന്റെ തകർച്ചകാരണം ഇതുവഴിയുള്ള കെ.എസ്.ആർ.ടി.സി. സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്. അടുത്തയാഴ്ച നടക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിനു മുന്നോടിയായി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കപ്പെടുമെന്നാണ് കുട്ടികളുടെ പ്രതീക്ഷ.

November 09
12:53 2022

Write a Comment