മംഗളവനം ചുറ്റി, പക്ഷികളെ കണ്ട് ഇ.സി.ഇ.കെ. സീഡ് ക്ലബ്ബിന്റെ പഠനയാത്ര
തുറവൂർ: നീർത്തടങ്ങളിലേക്ക് പറന്നിറങ്ങിയ നീർക്കാക്കകളും ചിറകടിച്ചുയർന്ന കൊക്കുകളും മംഗളവനത്തിലെ കണ്ടൽക്കാടുകൾക്കിടയിലൂടെ നടന്നു നീങ്ങിയ കുട്ടികൾക്കു വേറിട്ട കാഴ്ചയായിരുന്നു. കൊച്ചിനഗരത്തിന്റെ തിരക്കുകൾക്കപ്പുറം നിശ്ശബ്ദമായ കാടിനുള്ളിൽ ചെലവഴിച്ച രണ്ടര മണിക്കൂർ അവർക്ക് പറഞ്ഞറിയിക്കാനാവാത്ത ആനന്ദമാണ് സമ്മാനിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരായ മധുസൂദനൻ, ശ്രീകുമാർ എന്നിവർ കാടിനെക്കുറിച്ചും പക്ഷികളെക്കുറിച്ചും കുട്ടികൾക്ക് വിവരണം നൽകി.
പഠനയാത്രയുടെ ഭാഗമായാണ് ചമ്മനാട് ഇ.സി.ഇ.കെ. യൂണിയൻ സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ കൊച്ചിയിലെ മംഗളവനത്തിലേക്ക് യാത്ര തിരിച്ചത്. കേരള വനംവകുപ്പും മാതൃഭൂമി സീഡ് ക്ലബ്ബും സംയുക്തമായിട്ടാണ് കാടറിഞ്ഞ് നാടറിഞ്ഞ് എന്ന പേരിൽ യാത്ര സംഘടിപ്പിച്ചത്. പാഠപുസ്തകങ്ങളിലെ അറിവുകൾക്കപ്പുറം പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും കുട്ടികളെ പ്രാപ്തമാക്കുന്നതായിരുന്നു യാത്ര.
മാതൃഭൂമി സീഡ് എക്സിക്യുട്ടീവ് കീർത്തി കൃഷ്ണൻ, സീഡ് കോ-ഓർഡിനേറ്റർ സി.കെ. ബീന, അധ്യാപകരായ രമാദേവി, സൗമ്യ എന്നിവരും യാത്രാ സംഘത്തിലുണ്ടായിരുന്നു. ഇതോടനുബന്ധിച്ചുനടന്ന സമ്മേളനം കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡൻറ് വി.ജി. ജയകുമാർ ഉദ്ഘാടനം ചെയ്തു. കുത്തിയതോട് കായൽ സംരക്ഷണത്തിന്റെ തുടർ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കുത്തിയതോട് പഞ്ചായത്ത് പ്രസിഡൻറ് പി. വത്സ നിർവഹിച്ചു. പി.ടി.എ. പ്രസിഡൻറ് എൻ.കെ. രാജീവൻ അധ്യക്ഷത വഹിച്ചു.
പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ കെ. സജി മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപിക ജി. വിജയശ്രീ, മാനേജ്മെൻറ് പ്രതിനിധി അനിൽ ബി. കുമാർ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
December 07
12:53
2022