SEED News

സാമൂഹികനന്മയും പ്രകൃതിസംരക്ഷണവും ദൗത്യമാക്കി മമ്പാട് സി.എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ്

കിഴക്കഞ്ചേരി: പ്രകൃതിസംരക്ഷണത്തിനും സാമൂഹികനന്മയ്ക്കുമായി അണിനിരക്കുന്ന ഒരുസംഘം കുട്ടികളും അധ്യാപകരും -അതാണ് മമ്പാട് സി.എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്.

ഊർജസംരക്ഷണത്തിനും ജലസംരക്ഷണത്തിനും ഊന്നൽ നൽകിക്കൊണ്ടായിരുന്നു മമ്പാട് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ കഴിഞ്ഞ അധ്യയനവർഷത്തെ പ്രവർത്തനം.

വിട്ടുവീഴ്ചയില്ലാതെ നടത്തിയ ഈ പ്രവർത്തനങ്ങളാണ് സ്കൂളിനെ ‘വിശിഷ്ട ഹരിതവിദ്യാലയ’ പുരസ്കാരത്തിലേക്ക് നയിച്ചത്. സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനമാണ് ഇതിലൂടെ ഇവർ നേടിയെടുത്തത്.

മാതൃഭൂമി ഫെഡറൽ ബാങ്കുമായി ചേർന്നാണ് വിദ്യാലയങ്ങളിൽ സീഡ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ രണ്ട്‌ അധ്യയനവർഷങ്ങളിൽ മമ്പാട് സ്കൂളിന് ‘ശ്രേഷ്ഠ ഹരിതവിദ്യാലയ’പുരസ്കാരം ലഭിച്ചിരുന്നു. ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന സ്കൂളിന് നൽകുന്നതാണ് ശ്രേഷ്ഠഹരിതവിദ്യാലയം.

സ്കൂളിന് ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് സ്കൂളിന്റെ പ്രവേശനഭാഗത്ത് മനോഹരമായ ജൈവവൈവിധ്യപാർക്ക് നിർമിച്ചു. ഇതിൽ ആമ്പൽക്കുളവും മീനുകളെയും വളർത്തി ആവാസവ്യവസ്ഥ സൃഷ്ടിച്ചു. ഇതിനോടുചേർന്ന് ശലഭോദ്യാനവും ഒരുക്കി.

‘പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം’ മത്സരത്തിൽ മമ്പാട് സ്കൂളിന് സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനവും ലഭിച്ചിരുന്നു. ഊർജസംരക്ഷണത്തിന്റെയും ജലസംരക്ഷണത്തിന്റെയും ഭാഗമായി കുട്ടികൾ വീടുവീടാന്തരം കയറി സർവേ നടത്തി. കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്നതിനായി മുന്നിട്ടിറങ്ങി. അനാവശ്യമായ വൈദ്യുതിയുപയോഗം കുറയ്ക്കാൻ വീട്ടുകാർക്ക് മാർഗനിർദേശങ്ങൾ നൽകി. ഇത് ഫലം കണ്ടു. വീടുകളിലെ വൈദ്യുതി ബിൽത്തുക കുറഞ്ഞു. ജലസംരക്ഷണ പ്രവർത്തനങ്ങളും നടപ്പാക്കി.സർവേ നടത്തി ജലസ്രോതസ്സുകൾ മലിനമാകുന്നതിന്റെ കാരണങ്ങൾ കണ്ടെത്തി. ഇവ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കി.

പരിസ്ഥിതിദിനത്തിൽ ഓരോ കുട്ടിയും രണ്ടുമരങ്ങൾ വെച്ചുപിടിപ്പിക്കണമെന്നതായിരുന്നു മറ്റൊരുലക്ഷ്യം. പരിസ്ഥിതിദിനത്തിൽ മരത്തോടൊപ്പം സെൽഫിയെടുത്ത് അയക്കുന്നതിലൂടെ മരസംരക്ഷണം ഉറപ്പാക്കി.

മൂന്നുസീസണുകളിലായി പച്ചക്കറിക്കൃഷി, തെരുവുനായശല്യം കുറയ്ക്കാനുള്ള ഇടപെടലുകൾ, ലഹരിക്കെതിരേ മനുഷ്യച്ചങ്ങല, ശുചിത്വസന്ദേശം നൽകാൻ തെരുവുനാടകം, ട്രാഫിക് ബോധവത്കരണം, ഭക്ഷ്യസുരക്ഷാ ബോധവത്കരണം, മധുരവനം ഒരുക്കൽ, നക്ഷത്രവൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, ദശപുഷ്പങ്ങളും ഔഷധസസ്യങ്ങളും നട്ടുവളർത്തൽ, സോപ്പ് നിർമാണം, തുണിസഞ്ചി നിർമാണം, പേപ്പർബാഗ് നിർമാണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സീഡ് ക്ലബ്ബ് നടപ്പാക്കി.

സീഡ് കോ-ഓർഡിനേറ്റർ ഒ.എസ്. നീനയും പ്രധാനാധ്യാപിക കെ.ജി. ഉഷയും പ്രവർത്തനങ്ങളുമായി ഒപ്പംനിന്നു.

April 01
12:53 2023

Write a Comment

Related News