മാതൃഭൂമി സീഡ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പൊയിനാച്ചി ഭാരത് ഇംഗ്ലീഷ് മീഡിയം യു.പി. സ്കൂൾ ശ്രേഷ്ഠഹരിത വിദ്യാലയം
കാസർകോട്: വിദ്യാർഥികളിൽ പരിസ്ഥിതി അവബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്താൻ മാതൃഭൂമി മുൻകൈയെടുത്ത് നടത്തുന്ന സീഡ് പദ്ധതിയുടെ 2022-23 വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പൊയിനാച്ചി ഭാരത് ഇംഗ്ലീഷ് മീഡിയം യു.പി. സ്കൂൾ ജില്ലയിലെ മികച്ച പ്രവർത്തനത്തിനുള്ള ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം നേടി. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് നാടിന്റെ പൊതു ആവശ്യമായ മേൽപ്പാലത്തിന് കർമസമിതി പൊയിനാച്ചിയിൽ നടത്തിയ അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യവുമായി സീഡ് വിദ്യാർഥികൾ സമരപ്പന്തലിലെത്തി. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു.
ഈ പ്രവർത്തനം കുട്ടികളുടെ സാമൂഹിക ബോധത്തിന് ഉത്തമ ഉദാഹരണമായി ജൂറി വിലയിരുത്തി.
കോൺക്രീറ്റ് ജോലിക്കിടയിൽ വീണ് പരിക്കേറ്റ തൊഴിലാളിക്ക് ചികിത്സാസഹായം നൽകി സാന്ത്വന പ്രവർത്തനങ്ങളിലും വിദ്യാർഥികൾ പങ്കാളികളായിട്ടുണ്ട്. ചരിത്ര സ്മാരകമായ ചന്ദ്രഗിരി കോട്ടയിൽ വളർന്ന കാട് വൃത്തിയാക്കി. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിനായി സ്കൂളിലെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന കടലാസ് കൂട്ടകൾ നിർമിച്ചു നൽകി.
മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും ജൈവ-അജൈവ മാലിന്യം തരംതിരിക്കലും ബോധവത്കരണവും സംഘടിപ്പിച്ചു. പച്ചക്കറിത്തോട്ടം, മധുരവനം, പൂമ്പാറ്റയ്ക്കൊരുപൂന്തോട്ടം, എന്നിവ സീഡ് വിദ്യാർഥികളുടെ വീടുകളിലും സ്കൂളിലുമൊരുക്കി.
ഹരിതവിദ്യാലയം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച സ്കൂളുകൾക്ക് യഥാക്രമം 15,000, 10,000, 5,000 രൂപയും പ്രശസ്തിപത്രവും സമ്മാനമായി നൽകും. മികച്ച സീഡ് അധ്യാപക കോ ഓർഡിനേറ്റർമാർക്ക് 5,000 രൂപയും പ്രശസ്തിപത്രവും എൽ.പി. വിഭാഗത്തിനുള്ള ഹരിതമുകുളം പുരസ്കാരം ലഭിച്ച വിദ്യാലയങ്ങൾക്ക് 5,000 രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയങ്ങൾ
ഹരിതവിദ്യാലയം ഒന്നും രണ്ടും മൂന്നും സ്ഥാനക്രമത്തിൽ: ചിന്മയ വിദ്യാലയ കാഞ്ഞങ്ങാട്, പി.എം.എസ്.എ. പി.ടി.എസ്. വി.എച്ച്.എസ്.എസ്. കൈക്കോട്ടുകടവ്, ജി.എച്ച്.എസ്. കൂളിയാട്.
കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയങ്ങൾ
(ഒന്നും രണ്ടും മൂന്നും സ്ഥാനക്രമത്തിൽ) ദഖീറത്ത് ഇ.എം.എച്ച്.എസ്.എസ്. തളങ്കര, എ.യു.പി. സ്കൂൾ മുള്ളേരിയ, മാർത്തോമ ബധിര വിദ്യാലയം ചെർക്കള.
ഹരിത ജ്യോതി പുരസ്കാരങ്ങൾ
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല: 1. സെയ്‌ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചെറുപനത്തടി, 2. ജി.എച്ച്.എസ്.എസ്. കുട്ടമത്ത്, 3. സെയ്ന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം, 4. ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അജാനൂർ, 5. ജി.എച്ച്.എസ്. കാലിച്ചാനടുക്കം, 6. സി.കെ.എൻ.എസ്. ജി.എച്ച്.എസ്.എസ്. പിലിക്കോട്, 7. എ.യു.പി.എസ്. ഉദിനൂർ എടച്ചാക്കൈ, 8. ജി.എച്ച്.എസ്.എസ്. ബളാംതോട്.
കാസർകോട് വിദ്യാഭ്യാസ ജില്ല: 1. ജി.യു.പി. സ്കൂൾ കാസർകോട്, 2. ജി.യു.പി.എസ്. മൊഗ്രാൽ പുത്തൂർ, 3. ജി.എം.വി.എച്ച്.എസ്.എസ്. തളങ്കര, 4. ജി.യു.പി.എസ്. അടുക്കത്ത് ബയൽ, 5. എ.യു.പി.എസ്. പള്ളത്തടുക്ക,
6. എ.യു.പി.എസ്. ബോവിക്കാനം.
ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച എൽ.പി. സ്കൂളുകൾക്കുള്ള ഹരിത മുകുളം പുരസ്കാരം ജി.എൽ.പി.എസ്. ചെമ്മനാട് ഈസ്റ്റ്, ജി.എൽ.പി.എസ്. കൂലേരി എന്നിവയ്ക്ക് ലഭിച്ചു.
നീലേശ്വരം ജി.എൽ.പി. സ്കൂൾ, ജി.എൽ.പി.എസ്. മഡിയൻ എന്നീ സ്കൂളുകൾ പ്രോത്സാഹന സമ്മാനത്തിനും അർഹരായി.
മികച്ച അധ്യാപക കോഓർഡിനേറ്റർമാർ: എം. ലത (ജി.യു.പി.എസ്. അടുക്കത്ത്ബയൽ-കാസർകോട് വിദ്യാഭ്യാസ ജില്ല), സിജി അഗസ്റ്റിൻ (സെയ്‌ന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം-കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല).
ജെം ഓഫ് സീഡ്
എം. അശ്വിനി (ജി.എച്ച്.എസ്. കൂളിയാട്), കെ.പി. ആകർഷ് (ജി.എച്ച്.എസ്. കാലിച്ചാനടുക്കം). കോളേജ് വിഭാഗത്തിൽ പ്രശസ്തിപത്രത്തിന് ഗവ. ഐ.ടി.ഐ. പുല്ലൂർ അർഹരായി.