പൊക്കാളിക്കൃഷികാര്യങ്ങൾ അടുത്തറിഞ്ഞ് സ്കൂൾവിദ്യാർഥികൾ
പൂച്ചാക്കൽ: ശാന്തിഗിരി ആശ്രമത്തിലെ ഇക്കൊല്ലത്തെ നെൽക്കൃഷിജോലികളിൽ പങ്കെടുത്ത് ശ്രീകണ്‌ഠേശ്വരം സ്കൂളിലെ വിദ്യാർഥികളും. ശ്രീകണ്‌ഠേശ്വരം ശ്രീനാരായണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പൊക്കാളിക്കൃഷികാര്യങ്ങൾ പഠിക്കാൻ ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിലെത്തിയത്. ഇവിടത്തെ കരിനിലങ്ങളിലെ പൊക്കാളിപ്പാടത്ത് നെൽവിത്ത് വിതയ്ക്കുന്നതിനും തൂമ്പ ഉപയോഗിച്ചുള്ള കാർഷികജോലികളിലും വിദ്യാർഥികളും വ്യാപൃതരായി. ഇതുവഴി കൃഷിയെ അടുത്തറിയാൻകഴിഞ്ഞെന്ന് വിദ്യാർഥികളുടെ അനുഭവസാക്ഷ്യം. വിത്ത് മുളയ്ക്കാൻ പാകമാക്കുന്നവിധം, തേക്കില ചുറ്റി മുളപ്പിച്ച നെൽവിത്തുകൾ തുടങ്ങിയവ കുട്ടികൾക്ക് കൃഷിപാഠമായി. ആശ്രമത്തിലെ പുരുഷോത്തമനാണ് വിദ്യാർഥികളുടെ മനസ്സുകളിലേക്ക് കൃഷിയുടെ അറിവുകൾ പകർന്നുനൽകിയത്. ഒരാൾപ്പൊക്കത്തിൽ വളരുന്ന, പൊക്കത്തിൽ ആളി നിൽക്കുന്ന പൊക്കാളിക്കൃഷിയാണ് ആശ്രമത്തിൽ ചെയ്തുവരുന്നത്.
വിദ്യാർഥികൾക്ക് നെൽപ്പാടങ്ങൾ അടുത്തുകാണാനും പാടത്തിറങ്ങാനും വിത്ത് വിതയ്ക്കാനും തൂമ്പയോടിക്കാനും പാകിയ വിത്ത് ഓലക്കീറുകൊണ്ട് വിടർത്തിയിടുന്നതിനുമൊക്കെ കഴിഞ്ഞു. സ്വാമി ഭക്തദത്ത ജ്ഞാനതപസ്സിയുടെ നേതൃത്വത്തിൽ നടന്ന വിത്തുവിതയിൽ അരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, മനോജ്, സീഡ് കോഡിനേറ്റർ ഇന്ദുകല, അധ്യാപകരായ നിഷാ ജോസഫ്, ബിയമോൾ, ജിഷ്, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
July 26
12:53
2024