അറിവും ആഹ്ളാദവും പകർന്ന് സീഡ് സമ്മർക്യാമ്പ്
കോട്ടയം: അവധിയുടെ ആലസ്യത്തിൽ നിന്ന് മാറി ഒരു ദിവസം. മൊബൈൽ ഫോണിന്റെ പരിധിയിൽ നിന്നകന്ന മണിക്കൂറുകൾ. കളിയും ചിരിയും വരയുമായി സീഡ് കൂട്ടുകാർ ഏകദിന സമ്മർ ക്യാമ്പ് നന്നേ ആസ്വദിച്ചു.
പ്രമുഖ ചിത്രകാരൻ ടി.ആർ. ഉദയകുമാർ നയിച്ച ചിത്രരചനാ കളരിയായിരുന്നു മുഖ്യ ആകർഷണം. സൂര്യനും നക്ഷത്രങ്ങളും മരങ്ങളും പക്ഷികളും മൃഗങ്ങളുമെല്ലാം ക്യാൻവാസിലേക്കിറങ്ങുവന്നു. ചിത്രരചനയിലെ പഴയതും പുതിയതുമായ സങ്കേതങ്ങളെ കുട്ടികൾക്കു മുൻപിലവതരിപ്പിച്ചു. അക്രിലിക്, ചാർകോളിൻറെ വ്യത്യസ്തയിനങ്ങൾ , ജലഛായം, പെൻസിൽ, പലതരം ബ്രഷുകൾ തുടങ്ങിയവയുടെ ഉപയോഗങ്ങൾ പരിചയപ്പെടുത്തി. ശരീരത്തിനും മനസ്സിനും ഉന്മേഷം പകരുന്ന വിവിധതരം കളികളിലും കുട്ടികൾ പങ്കെടുത്തു. മിക്കവരും രക്ഷിതാക്കളുമൊത്താണ് പരിപാടിക്കെത്തിയത്.
ആദ്യം രജിസ്റ്റർ ചെയ്ത 20 കുട്ടികളാണ് സമ്മർക്യാമ്പിൽ പങ്കെടുത്തത്. ലോക ജലത്തിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയികളായ എ. നദാഷ, കെ.ആർ. രാകേഷ്, ആയുഷ് ജി. ഉദയ് എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. ഉദ്ഘാടന ചടങ്ങിൽ മാതൃഭൂമി കോട്ടയം യൂണിറ്റ് മാനേജർ ടി. സുരേഷ് അധ്യക്ഷനായി. ന്യൂസ് എഡിറ്റർ പി.കെ. ജയചന്ദ്രൻ ആശംസ നേർന്നു.
April 26
12:53
2023