തനിച്ചല്ല, ചേർന്ന് നിൽക്കാം' എന്ന സന്ദേശവുമായി സീഡ് ശില്പശാല
താമരശ്ശേരി: നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികൾ തനിച്ചല്ലെന്ന് ഓർമ്മപ്പെടുത്തിയും, അവർക്കൊപ്പം സമൂഹമൊന്നാകെ ചേർന്ന് നിൽക്കുമെന്ന് ഉറപ്പുനൽകിയും മാതൃഭൂമി സീഡ് അധ്യാപക ശില്പശാല. പ്രകൃതിസംരക്ഷണം ലക്ഷ്യമാക്കി സമൂഹനന്മ കുട്ടികളിലൂടെയെന്ന മുദ്രാവാക്യമുയർത്തി മാതൃഭൂമി സീഡ് പദ്ധതി 15-ാം വർഷത്തിലേക്ക് മുന്നേറുന്ന വേളയിൽ, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി സംഘടിപ്പിച്ച ശിൽപശാലയാണ് അധ്യാപക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. സീഡ് പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്നവരും പദ്ധതിയിൽ തത്പരരുമായ നൂറോളം അധ്യാപകരാണ് താമരശ്ശേരി വാവാട് ഉസ്താദ് ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയുടെ ഭാഗമായത്. പുതിയ അധ്യയന വർഷത്തെ പ്രവർത്തനം സംബന്ധിച്ച് ചർച്ച ചെയ്യാനും സംശയങ്ങൾ ദൂരീകരിക്കാനുമായാണ് ശില്പശാല സംഘടിപ്പിച്ചത്.
ശില്പശാലയുടെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ വി.എം.മെഹറലി നിർവഹിച്ചു. കുട്ടികൾ ഒരിക്കലും തനിച്ചല്ലെന്ന് ബോധ്യപ്പെടുത്തി, തിന്മയുടെ വഴിയിൽ നിന്നും അവരെ മാറ്റിനടത്തിക്കാനുള്ള നിയോഗം ഏറ്റെടുത്ത് അധ്യാപകർ മാതൃകയാവണമെന്ന് വി.എം.മെഹറലി അഭിപ്രായപ്പെട്ടു. ഏതൊരു തിന്മയും ആദ്യം പിടിമുറുക്കുന്നത് കുട്ടികളെയാണ്. തിന്മയുടെ വഴികളിലേക്ക് അവർ എളുപ്പം വഴുതി വീഴാം. അത്തരത്തിലുള്ള കുട്ടികളെ പരിവർത്തനം ചെയ്ത് അവരിൽ സാമൂഹ്യബോധവും പരിസ്ഥിതി ബോധവും വളർത്തുന്ന മാർഗദീപമാവാൻ അധ്യാപകർക്ക് സാധിക്കണം. നല്ല കാർഷിക സംസ്‌കാരമുള്ള പുതുതലമുറയെ വളർത്തിയെടുക്കാൻ അധ്യാപകർ ആത്മാംശം ചേർത്ത് കർമ്മനിരതരാവണം. അത്തരത്തിലുള്ള നല്ല സംസ്‌കാരത്തിന്റെ വളർച്ചയ്ക്കായി മാതൃഭൂമി സീഡിലൂടെ നടത്തുന്നത് ഒരു തരത്തിൽ സാമൂഹ്യപ്രവർത്തനം തന്നെയാണ്. മനുഷ്യന്റെ ഇടപെടൽ കൊണ്ട് പ്രകൃതി വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് ഇത്തരം മാതൃകാപരമായ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെഡറൽ ബാങ്ക് ഈങ്ങാപ്പുഴ ബ്രാഞ്ച് മാനേജർ ആൻഡ് ഹെഡ് രാഹുൽ മാത്യു അധ്യക്ഷനായി. സീഡ് റിസോഴ്‌സ് പേഴ്‌സൺ പി.സോമശേഖരൻ, 'തനിച്ചല്ല' പ്രൊജക്ട് റിസോഴ്‌സ് കൺസൽട്ടന്റ് അഡ്വ. ആർ.അപർണ നാരായണൻ എന്നിവർ ക്ലാസെടുത്തു. ചടങ്ങിൽ മാതൃഭൂമി സീനിയർ റീജിയണൽ മാനേജർ സി.മണികണ്ഠൻ, മാതൃഭൂമി സോഷ്യൽ ഇനീഷ്യേറ്റീവ് ഓർഗനൈസർ കെ.പി.അനുഷ്മ എന്നിവർ സംസാരിച്ചു. അധ്യാപകരായ സി.ഹുസൈൻ കുട്ടി, സഫൈദ്, കെ.ബിന്ദു, എം.കെ.ബാലൻ, ഫാ.റെജി, അനിൽ ജോൺ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
July 18
12:53
2023