SEED News

മാതൃഭൂമി സീഡ് അധ്യാപക പരിശീലനത്തിനു തുടക്കം


കായംകുളം: മാതൃഭൂമി സീഡിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് കായംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ. സിന്ധു പറഞ്ഞു. മാവേലിക്കര വിദ്യാഭ്യാസജില്ലാതല സീഡ് കോ-ഓർഡിനേറ്റർമാരായ അധ്യാപകർക്കുള്ള ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അധ്യാപകർ വിദ്യാർഥികളിലേക്കു സീഡിന്റെ സന്ദേശങ്ങൾ എത്തിക്കണം. അതുവഴി  പ്രകൃതിയെയും മണ്ണിനെയും സഹജീവികളെയും സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കാൻ കഴിയണം-അവർ പറഞ്ഞു.
ഫെഡറൽബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും കറ്റാനം ശാഖയുടെ ഹെഡുമായ ജി. അനിത ആശംസ നേർന്നു. മിയാവാക്കി വനം നിർമിച്ച് സംരക്ഷിക്കുന്നതിനു മൻകീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ച താമരക്കുളം വി.വി. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ റാഫി രാമനാഥിനെ ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ. സിന്ധുവും ഫെഡറൽബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ജി. അനിതയും ചേർന്ന് ആദരിച്ചു.
മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ കെ.എ. ബാബു  ക്ലാസ് നയിച്ചു. യൂണിറ്റ് മാനേജർ മനീഷ്‌കുമാർ, സീഡ് കോ-ഓർഡിനേറ്റർ കീർത്തി കൃഷ്ണൻ, എസ്. ഹരികുമാർ, ഡി. രാജേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
സ്കൂളിനെ രക്ഷിച്ചത് 
മാതൃഭൂമി സീഡ് -അധ്യാപിക
കായംകുളം: തന്റെ സ്കൂളിനെ പൂട്ടലിൽനിന്ന് രക്ഷിച്ചത് മാതൃഭൂമി സീഡാണെന്ന് പാവുക്കര കരയോഗം യു.പി. സ്കൂൾ പ്രഥമാധ്യാപിക സന്ധ്യ കെ. പിള്ള പറഞ്ഞു.  
കഴിഞ്ഞ വർഷം 12 കുട്ടികൾ മാത്രമാണു സ്കൂളിൽ ഉണ്ടായിരുന്നത്. ഇത്തവണ 54 കുട്ടികളെത്തി. ഇപ്പോഴും കുട്ടികൾ അഡ്മിഷനു വരുന്നുണ്ട്. ദൂരത്തുനിന്നുവരുന്ന കുട്ടികൾക്കു വാഹനസൗകര്യം ഒരുക്കാൻ കഴിയാത്തതിന്റെ പ്രശ്നം മാത്രമാണുള്ളത്.
 നാല് അധ്യാപകരും 12 കുട്ടികളും ചേർന്ന് സീഡ് പ്രവർത്തനങ്ങൾ ഒന്നൊന്നായി ചെയ്തപ്പോൾ സ്കൂൾ അന്തരീക്ഷം മാറി. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒന്നായി. ഇതു കുട്ടികളെ ആകർഷിക്കാൻ കാരണമായി.
 മാതൃഭൂമിയോടും സീഡ് പ്രവർത്തകരോടും സ്കൂളിനുള്ള കടപ്പാട് മറക്കാനാവാത്തതാണ് -സന്ധ്യ കെ. പിള്ള 
പറഞ്ഞു.  

July 30
12:53 2023

Write a Comment

Related News