നീർക്കുന്നം സ്കൂളിലെ കുട്ടികളും കൃഷിയിലേക്ക്
അമ്പലപ്പുഴ: കൃഷിപാഠങ്ങൾ പഠിക്കാനും മണ്ണിനെയറിയാനും കാർഷികസംസ്കാരം വളർത്താനുമായി നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി.സ്കൂളിലെ കുട്ടികൾ പച്ചക്കറിക്കൃഷി തുടങ്ങി. സ്കൂളിലെ ലഹരിവിരുദ്ധസേവനസംഘടനയായ തണലും മാതൃഭൂമി സീഡ് ക്ലബ്ബുമായി ചേർന്നാണ് കൃഷി. പച്ചക്കറിക്കൃഷിക്ക് വേണ്ടത്ര സ്ഥലമില്ലാത്തതിനാൽ സ്കൂളിനു സമീപത്തുള്ള സ്ഥലത്താണ് കൃഷിചെയ്യുന്നത്. പൂർവവിദ്യാർഥിയായ ഡോ. എ. അബ്ദുൾ സലാം തന്റെ സ്ഥലം കുട്ടികൾക്ക് കൃഷിചെയ്യാനായി വിട്ടുനൽകുകയായിരുന്നു. കൃഷിഭവനിൽനിന്ന് സൗജന്യമായി ലഭിച്ച വെണ്ട, വഴുതന, തക്കാളി, മുളക്, പയർ എന്നിവയാണ് നട്ടത്. ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ധ്യാനസുതൻ സ്ഥലം ലഭ്യമാക്കുന്നതിനു പിന്തുണ നൽകി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് ഉദ്ഘാടനം ചെയ്തു. വി. ധ്യാനസുതൻ, സുനിതാ പ്രദീപ്, കൃഷി ഓഫീസർ നജീബ്, പ്രഥമാധ്യാപിക എ. നദീറ, സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങളായ യു. നിധിൽകുമാർ, ആർ. സജിമോൻ, ദിവ്യ, സൈഫുദ്ദീൻ, പൂർവാധ്യാപകനായ എസ്. സുരേഷ്‌കുമാർ, എസ്. ബീനു, പി. പ്രസാദ്, ആർ. ശാന്തി തുടങ്ങിയവർ പങ്കെടുത്തു.
August 01
12:53
2023