ആദ്യ പാഠങ്ങൾ പകർന്ന് സീഡ് റിപ്പോർട്ടർ പരിശീലനം
പത്തനംതിട്ട: വാർത്തകളെകുറിച്ചും, വാർത്തകൾ തയ്യാറാക്കുന്നതിനെക്കുറിച്ചും അറിയാനുള്ള കൗതുകവുമായെത്തിയ കുട്ടി റിപ്പോർട്ടർമാർക്ക് ആദ്യ പാഠങ്ങൾ പകർന്നു നൽകി മാതൃഭൂമി സീഡ് റിപ്പോർട്ടർ പരീശിലന ക്ലാസ്. ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, കോന്നി ബ്രാഞ്ച് ഹെഡ് കെ.ബി. ബിജു ഉദ്ഘാടനം ചെയ്തു. മാത്യഭൂമി കോട്ടയം ന്യൂസ് എഡിറ്റർ പി.കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.
പത്രങ്ങളിൽ വാർത്ത തയ്യാറാക്കേണ്ട രീതി, വാർത്ത തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, തുടങ്ങിയ വിഷയങ്ങളിൽ മാതൃഭൂമി പന്തളം റിപ്പോർട്ടർ കെ.സി. ഗിരീഷ് കുമാറും, മൊബൈൽ ജേണലിസം, ടെലിവിഷൻ ജേണലിസം തുടങ്ങിയ എന്നീ വിഷയങ്ങളിൽ മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ സി.കെ. അഭിലാലും ക്ലാസെടുത്തു.
യു.പി., ഹൈസ്ക്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി പത്തനംതിട്ട കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്കൂളിലാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്. പങ്കെടുത്ത വിദ്യാർഥികൾക്ക് മാതൃഭൂമി പത്രം, ചാനൽ എന്നിവയിലൂടെ വാർത്തകൾ അവതരിപ്പിക്കാൻ അവസരം നൽകും.
മാതൃഭൂമി പത്തനംതിട്ട ബ്യൂറോ ചീഫ് പ്രവീൺ കൃഷ്ണൻ, കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ് കുര്യൻ, സ്കൂൾ കോ-ഓർഡിനേറ്റർ ഫാ. ബിജു മാത്യു പ്രക്കാനം, സീഡ് കോ-ഓർഡിനേറ്റർ ടി. ബിന്ദുമോൾ എന്നിവർ പ്രസംഗിച്ചു.
September 28
12:53
2023