SEED News

കട്ടച്ചിറ സ്കൂളിൽ സീഡ് ക്ലബ്ബ് ജൈവപച്ചക്കറി പ്രദർശനവും വിൽപ്പനയും നടത്തി


കറ്റാനം: കട്ടച്ചിറ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി ജൈവപച്ചക്കറി പ്രദർശനവും വിൽപ്പനയും നടത്തി. സീഡ് ക്ലബ്ബ് അംഗങ്ങൾ നടത്തിയ കൃഷിയിൽനിന്നു വിളവെടുത്ത നാടൻ പച്ചക്കറികളാണു വിൽപ്പനയ്ക്കു വെച്ചത്. വിഷമയമായ പച്ചക്കറികളിൽനിന്നു മോചനം, ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തിയാണു ജൈവപച്ചക്കറി പ്രദർശനവും വിൽപ്പനയും നടത്തിയത്. 
ചേന, ചേമ്പ്, വാഴക്കൂമ്പ്, നാടൻ പയർ, തക്കാളി, മുരിങ്ങക്ക, മുരിങ്ങയില, വാട്ടുകപ്പ, വിവിധയിനം നാടൻ മുളകിനങ്ങൾ, തേങ്ങ, പച്ചക്കപ്പ തുടങ്ങി ഒട്ടധികം നാടൻ കാർഷിക ഉത്‌പന്നങ്ങളാണു വിദ്യാർഥികൾ നാട്ടുപച്ച-ജൈവപച്ചക്കറിച്ചന്തയിൽ വിൽപ്പനയ്ക്കു വെച്ചത്. ഒട്ടധികം രക്ഷാകർത്താക്കളും പ്രദേശവാസികളുമാണു വിഷമയമല്ലാത്ത പച്ചക്കറികൾ ഉൾപ്പടെയുള്ളവ വാങ്ങാനെത്തിയത്. 
വിൽപ്പനയിലൂടെ ലഭിക്കുന്ന പണം സ്കൂളിൽ വലിയ തോതിൽ ജൈവപച്ചക്കറിക്കൃഷി നടത്താനുപയോഗിക്കും. ജൈവപച്ചക്കറി പ്രദർശനോദ്ഘാടനവും ആദ്യവിൽപ്പനയും സ്കൂൾ മാനേജർ മായാ ശ്രീകുമാർ നിർവഹിച്ചു. അഡ്മിനിസ്‌ട്രേറ്റർ സിറിൽ എസ്. മാത്യു, ഗംഗാറാം കണ്ണമ്പള്ളിൽ, പ്രഥമാധ്യാപിക കെ.പി. മായ, പ്രിൻസിപ്പൽ മിനി വിശ്വനാഥ്, ദിലീപ്കുമാർ, പി.ടി.എ. ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. 

October 09
12:53 2023

Write a Comment

Related News