SEED News

തപാൽദിനത്തിൽ മന്ത്രിക്ക് കത്തയച്ച് കുട്ടികൾ


വീയപുരം: തപാൽദിനത്തിൽ തപാൽ ഓഫീസ് സന്ദർശിച്ച് കുട്ടികൾക്കു കാര്യങ്ങൾ നേരിട്ടു മനസ്സിലാക്കാനുള്ള സൗകര്യമൊരുക്കി വീയപുരം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ. മൊബൈൽഫോണുകളും മറ്റു സംവിധാനങ്ങളും വന്നതോടെ പ്രസക്തി നഷ്ടപ്പെട്ട പഴയ എഴുത്തിനെക്കുറിച്ചും തപാൽ സംവിധാനങ്ങളെപ്പറ്റിയും പുതുതലമുറയ്ക്ക് അറിവു നൽകുന്നതിനു വേണ്ടിയാണു പരിപാടി സംഘടിപ്പിച്ചത്. സ്‌കൂളിലെ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസിലെ സീഡ് ക്ലബ്ബിൽപ്പെട്ട കുട്ടികളാണ് വീയപുരം തപാൽ ഓഫീസിൽ എത്തിയത്. പൊളിച്ചുമാറ്റിയ എൽ.പി., പ്രീ-പ്രൈമറി കെട്ടിടങ്ങൾക്കു പകരം പുതിയ കെട്ടിടങ്ങൾ നിർമിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് അയക്കാനുള്ള കത്തുമായാണ് കുട്ടികൾ എത്തിയത്. പുതിയ അടുക്കള വേണമെന്നും ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും കത്തിലുണ്ട്. പോസ്റ്റ്മിസ്ട്രസ് പദ്മകുമാരി കുട്ടികൾക്ക് തപാൽ ഓഫീസിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വിവിധതരത്തിലുള്ള സ്റ്റാമ്പുകളും ഇൻലൻഡുകളും പോസ്റ്റ്കാർഡുകളും കുട്ടികൾ കണ്ടുമനസ്സിലാക്കി. മന്ത്രിക്ക് കത്തയച്ചിട്ടാണ് കുട്ടികൾ മടങ്ങിയത്. പ്രഥമാധ്യാപിക ഡി. ഷൈനി, വാർഡംഗം എം. ജഗേഷ്, സീഡ് കോ-ഓർഡിനേറ്റർ പ്രീതി എസ്. പിള്ള, അധ്യാപകരായ എ.എസ്. ശാരിക, ബി. ഷൈനി, വി.എസ്. അനുമോൾ എന്നിവർ നേതൃത്വം നൽകി.

October 17
12:53 2023

Write a Comment

Related News