സീഡ് പച്ചക്കറിത്തോട്ടത്തിൽ നൂറുമേനി വിളയിച് കുരുന്നുകൾ
എടത്തനാട്ടുകര പി.കെ.എച്.എം.ഒ.യു.പി സ്കൂളിലെ ജൈവ പച്ചക്കറി തോട്ടത്തിൽ നൂറുമേനി വിളയിച്ച് സീഡ് ക്ലബ്ബ് അംഗങ്ങൾ. സ്കൂൾ വളപ്പിലെ 1.50 ഏക്കർ സ്ഥലത്ത് ചീര, പടവലം, വെണ്ട, പയർ, പീച്ചിൽ, ചുരങ്ങ,പയർ, പച്ചമുളക് എന്നിങ്ങനെ വിവിധയിനം പച്ചക്കറികളാണ് കൂട്ടുകാർ വിത്തിറക്കിയത്. സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ എല്ലാ പച്ചക്കറികളും ഇവിടെ വിളയിച്ചെടുക്കുന്നു. വർഷത്തിൽ 3 തവണ ഇവിടെ കൃഷിയിറക്കുന്നു. മഴക്കാലം, ശീതകാലം, വേനൽകാലം എന്നിങ്ങനെ കൃഷിയിറക്കുന്നതിനാൽ എല്ലാ കാലത്തും സ്കൂൾ വളപ്പിൽ ഹരിതഭംഗി നിലനിൽക്കുന്നു. വിഷരഹിത പച്ചക്കറി ലഭ്യമാക്കുക, ജൈവകൃഷി പ്രോത്‌സാഹിപ്പിക്കുക, കൃഷിയോടുള്ള താത്പര്യം കുട്ടികളിൽ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ 2012 മുതലാണ് ഇവിടെ ഈ പച്ചക്കറി തോട്ടത്തിന് തുടക്കമായത്. സ്കൂൾ പ്രവൃത്തി സമയത്തിന് ഒരു മണിക്കൂർ മുമ്പും എല്ലാ അവധി ദിവസങ്ങളിലും ഈ തോപ്പിന്റെ മേൽനോട്ടം വഹിക്കുന്നത് സീഡ് ക്ലബ്ബ് അംഗങ്ങളാണ്. വിവിധയിനം വാഴകൾ, ചേന, ചേമ്പ്, കപ്പ, കൂർക്ക എന്നിവയും കൂട്ടുകാർ ഇവിടെ കൃഷി ചെയ്യുന്നു. ഈ കൃഷി തോപ്പിൽ ഈ വർഷം നെല്ല് കുട്ടികൾക്ക് പരിചയപ്പെടുത്താനായി കരനെൽ കൃഷി ചെറിയൊരു ഭാഗത്തു വിതച്ചു മുളപ്പിച്ചിട്ടുണ്ട്.