മഞ്ഞപരവതാനി വിരിച്ച് തണൽമരച്ചുവടുകൾ
എടത്തനാട്ടുകര പി.കെ.എച്.എം.ഒ.യു.പി സ്കൂൾ മൈതാനം ജൈവവൈവിദ്ധ്യത്തിന്റെ നേർകാഴ്ച സമ്മാനിക്കുകയാണ്. ധാരാളം തണൽ മരങ്ങൾ പടർന്നു പന്തലിച്ചു നിൽക്കുന്ന തണൽ മരച്ചുവടുകൾ ഇപ്പോൾ മഞ്ഞപൂക്കൾ വാരിവിതറിയ പരവതാനി പോലെയാണ്. ഇത് കാണുമ്പോൾ ആർക്കും അതിശയം തോന്നിയേക്കാം, കാരണം അത്രക്കും മനോഹരമായ കാഴ്ചയാണ് ഇപ്പോൾ സ്കൂൾ അങ്കണത്തിൽ നിന്നും കാണാൻ കഴിയുന്നത്. ഡിവി-ഡിവി മരങ്ങൾ പൂത്തുലഞ്ഞു പന്തലിച്ചു നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. കടുത്ത വേനലിൽ ക്ലാസ്സ് മുറികളിൽ നിന്നും അനുഭവപ്പെടുന്ന വിരസതയോ, ക്ഷീണമൊ ഇവിടെ കുട്ടികൾക്കില്ല, കാരണം ഇവിടുത്തെ മരച്ചുവടുകൾ തുറന്നക്ലാസ്സ് മുറികളാണ്. പകൽ സമയങ്ങളിലും വിശ്രമവേളകളിലും കുട്ടികൾ സമയം ചിലവഴിക്കുന്നതും കളിക്കുന്നതും ഇരിക്കുന്നതും ഇവിടെയാണ്. ഡിവി-ഡിവി കൂടാതെ പൂവാകകൾ, കൊന്നകൾ, ഉങ്ങ് എന്നിവ ജൈവവൈവിധ്യത്തിൽ ചിലത് മാത്രമാണ്. കൂടാതെ സമീപത്തെ കല്യാണവീടുകളിൽ നിന്നും വധുവരന്മാർ ഫോട്ടോഷൂട്ടിന് ഇവിടേക്ക് എത്തുന്നതും പതിവ് കാഴ്ചയാണ്. റോഡിലൂടെ സഞ്ചരിക്കുന്ന ആരും സ്കൂളിന്റെ ഈ ഭംഗി ഒന്ന് നോക്കാതിരിക്കില്ല. ഇവിടുത്തെ ഓരോ കുരുന്നും താഴെ വീണുകിടക്കുന്ന പൂവുകൾ നോവിക്കാറില്ല. മരങ്ങളിൽ നിന്ന് വീഴുന്ന കരിയിലകൾ സമയാസമയം കൂട്ടുകാർ പെറുക്കി കളയുന്നു.