16 തൈകൾ നട്ട് 16-ാം വർഷത്തിലേക്ക് സീഡ്
ആലപ്പുഴ: പരിസ്ഥിതിസംരക്ഷണം നമ്മൾ ഓരോരുത്തരിലൂടെയുമാണ് നടത്തേണ്ടതെന്ന് ഓർമ്മപ്പെടുത്തി മാതൃഭൂമി ഫെഡറൽ ബാങ്കുമായി സഹകരിച്ചു നടപ്പാക്കുന്ന സീഡ് പദ്ധതി 16-ാം വർഷത്തിലേക്കു കടന്നു.
ലോക പരിസ്ഥിതിദിനാചരണത്തോടൊപ്പം 16 വൃക്ഷത്തൈകൾ നട്ട് 2024-25 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു.
ആലപ്പുഴ അമൃത സെയ്ന്റ് മേരീസ് റസിഡൻഷ്യൽ സെൻട്രൽ സ്കൂളിൽ നടന്ന പരിപാടിയിൽ മാതൃഭൂമി റീജണൽ മാനേജർ മനീഷ്‌കുമാർ അധ്യക്ഷനായി. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ബ്രാഞ്ച് ഹെഡ്ഡുമായ എൽ.എസ്. ജിഷ മുഖ്യപ്രഭാഷണം നടത്തി.
ഡി.ഇ.ഒ. ഇൻചാർജ് എം.കെ. ശോഭന, ആലപ്പുഴ ബ്ലോക്ക് അസി. ഡയറക്ടർ ഓഫ് അഗ്രികൾച്ചർ പി. സമീറ, അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഫെൻ ആന്റണി എന്നിവർ അതിഥികളായി. അമൃത വിദ്യാലയ മാനേജർ ജി.എസ്. സജികുമാർ ആശംസ നേർന്നു.
നമുക്കാണ് പ്രകൃതിയെ വേണ്ടതെന്നും അതിനെ ചൂഷണംചെയ്യുന്നതിലൂടെ കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് നമ്മൾ അനുഭവിക്കേണ്ടിവരുന്നതെന്നും പ്രഭാഷകർ കുട്ടികളെ ഓർമ്മിപ്പിച്ചു.
മാതൃഭൂമി ന്യൂസ് എഡിറ്റർ വി.വി. തമ്പാൻ സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ പി.ടി. ജയമോൾ നന്ദിയും പറഞ്ഞു.
June 24
12:53
2024