‘ലവ് പ്ലാസ്റ്റിക്’ ഒന്നാംഘട്ട പ്ലാസ്റ്റിക് കൈമാറ്റം ജില്ലാതല ഉദ്ഘാടനം
ആലപ്പുഴ: മാതൃഭൂമിയും ഓർക്കല-ഈസ്റ്റേണുമായി ചേർന്നു നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഒന്നാംഘട്ട പ്ലാസ്റ്റിക് കൈമാറ്റ ജില്ലാതല ഉദ്ഘാടനം നടന്നു. കാളാത്ത് ലിയോ തേർട്ടീന്തിലെ വിദ്യാർഥികൾ ശേഖരിച്ചു തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യം ഹരിതകർമസേനയ്ക്കു കൈമാറി. കാളാത്ത് വാർഡ് മെമ്പർ എ. ഷാനവാസ് ഫ്ളാഗ് ഓഫ് ചെയ്തു. പ്ലാസ്റ്റിക്കിനെ തുരത്തുക എന്ന ലക്ഷ്യമിട്ട് മാതൃഭൂമി നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്കിടയിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും പുനരുപയോഗം പ്രോത്സാഹിപ്പിക്കാനും ഉത്തരവാദിത്വത്തോടെ ഇടപെടാനും പ്രേരിപ്പിക്കുകയെന്ന ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ലവ് പ്ലാസ്റ്റിക് പദ്ധതി നടത്തിവരുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് പ്ലാസ്റ്റിക് ശേഖരിക്കുക. ഇവ വേർതിരിച്ച് ബ്രാൻഡ് ഓഡിറ്റിങ്ങും നടത്തും.
ജില്ലയിൽ 250-ഓളം സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ തുണിസഞ്ചി നിർമിച്ച് അടുത്തുള്ള കടകളിൽ വിതരണംചെയ്യുന്ന പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
ലിയോ തേർട്ടീന്ത് പ്രിൻസിപ്പൽ മിനി ജോസഫ്, സീഡ് കോഡിനേറ്റർ ത്രേസ്യാമ്മ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
November 22
12:53
2024