പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കു പേപ്പർ ബാഗുകൾ ശീലമാക്കു
എടത്തനാട്ടുകര: എടത്തനാട്ടുകര പി കെ എ ച്ച് എം ഒ യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും സമൂഹത്തിലും ലവ് പ്ലാസ്റ്റിക്കിന്റെ ഭാഗമായി പേപ്പർ ബാഗുകൾ തയ്യാറാക്കി വിതരണം ചെയ്തു. സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങളാണ് ഈ മഹത്തായ പരിപാടിക്ക് നേതൃത്വം നൽകിയത്. കഴിഞ്ഞ വർഷങ്ങളിൽ തുടർന്ന് പോരുന്ന മികച്ച പ്ലാസ്റ്റിക് നിർമാർജ്ജന പ്രവർത്തനങ്ങളിലൂടെ മാലിന്യമുക്ത ഗ്രാമം, ക്ലീൻ ഗ്രാമം എന്നീ പദ്ധതികളും സീഡ് പ്രവർത്തനങ്ങളുടെ ഭാഗമാണ്. സ്കൂളെന്നപോലെ സമൂഹത്തിലും പ്ലാസ്റ്റിക് നിർമാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ സ്കൂളിന്റെ സമീപത്തെ മുഴുവൻ വീടുകളിലും, കുട്ടികളുടെ വീട്ടിലേക്കും ആവശ്യമായ പേപ്പർ ബാഗുകൾ സജ്ജമാക്കിയത്. സ്കൂളിലെ ഓരോ കുട്ടിയുടെ വീട്ടിലും അതോടൊപ്പം തന്റെ സമീപത്തെ വീടുകളിലും കുട്ടികൾ പേപ്പർ ബാഗ് എത്തിക്കുകയും അതിലൂടെ പ്ലാസ്റ്റിക് നിർമാർജ്ജനം എന്ന സന്ദേശം എത്തിക്കാനും സാധിച്ചു. കൂടാതെ സ്കൂളിന്റെ സമീപത്തെ കടകളിലും ലവ് പ്ലാസ്റ്റിക് ലേബൽ ചെയ്ത പേപ്പർ ബാഗുകൾ കടയുടമകൾ സീഡ് കൂട്ടുകാരിൽ നിന്നും വാങ്ങിവെച്ചതും ഏറെ ശ്രദ്ധേയമായി.1500 പേപ്പർ ബാഗുകളാണ് സീഡ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സമൂഹത്തിൽ എത്തിക്കാൻ സാധിച്ചത്