പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
ഇത്തിത്താനം: ഇത്തിത്താനത്തിന്റെ പൈതൃക സ്വത്താണ് ‘പുലവൃത്തംകളി’. സംസ്കാരത്തോടും പാരന്പര്യത്തോടും ഇഴചേർന്നുകിടക്കുന്ന ഈ അനുഷ്ഠാനകലാരൂപം കുട്ടികൾക്ക് മുൻപിലവതരിപ്പിച്ച് കൈയടി നേടിയിരിക്കുകയാണ് ഇത്തിത്താനത്തെ ഒരുകൂട്ടം കലാകാരന്മാർ. ഈ അധ്യയനവർഷം മാതൃഭൂമി ‘സീഡി’ന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ് ‘എന്റെ നാടിന്റെ പൈതൃകം’ പരിപാടി. ഇതിന്റെ ഭാഗമായാണ് പുലവൃത്തംകളി ഇളങ്കാവ് വിദ്യാമന്ദിർ സ്കൂളങ്കണത്തിൽ പുനരവതിരിപ്പിക്കപ്പെട്ടത്.
നാല്പത്തിയൊന്ന് ഉത്സവത്തിന് ഇത്തിത്താനം ഇളങ്കാവിൽ അരങ്ങേറുന്ന കലാരൂപമാണിത്. നാടിന്റെ പൈതൃകം ഇളംതലമുറയ്ക്കു പകരാൻ ലക്ഷ്യമിട്ടാണ് സീഡ് ക്ലബ്ബ് പരിപാടി ആസൂത്രണം ചെയ്തത്.
രാമകൃഷ്ണൻ നായർ മുല്ലശ്ശേരി, സജനീവ് ഇത്തിത്താനം, ഗോപകുമാർ തെക്കേമുണ്ടയ്ക്കൽ, മോഹനൻ നായർ വെള്ളിക്കര, അനിൽ കുമാർ ചെമ്പ്ചിറ, രാജശേഖരൻ നായർ വടക്കേക്കുറ്റ്, ടി.ജി. ദീപു, ദിലീപ് കുമാർ മുല്ലശ്ശേരി, മനു ഇളങ്കാവ് രാജീവ് ഭവൻ എന്നിവരടങ്ങുന്ന കലാകാരന്മാരുടെ സംഘമാണ് കുട്ടികൾക്കുവേണ്ടി പുലവൃത്തംകളി അവതരിപ്പിച്ചത്.
‘കാൽകരമിട്ടിളക്കിയൻപോടു
മൂരി നീർന്ന് ചാലവേ
മെയ് വിറച്ചു കാൽകരം
കുടഞ്ഞിതപ്പോൾ’
ചുവടുകൾ കണ്ട് ചൊല്ലുകൾ കേട്ട് ഇളങ്കാവ് വിദ്യാമന്ദിർ സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. ഒരു ഗ്രാമത്തിന്റെ പൈതൃകത്തെയും പാരമ്പര്യത്തെയും കുറിച്ച് പുതുതലമുറയ്ക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെ അധ്യാപകരും കുട്ടികളും നേതൃത്വം നൽകിയ പരിപാടിയിൽ ഇത്തിത്താനത്തെ കലാകാരന്മാരും പങ്കുചേർന്നു. താളങ്ങളുടെ കലയായ അർജുന നൃത്തത്തിന്റെ പിറവിയെക്കുറിച്ചും വാമൊഴിപ്പാട്ടുകളാൽ സന്പന്നമായ പുലവൃത്തം എന്ന കലാരൂപത്തെക്കുറിച്ച് കുട്ടികളോട് സംവദിച്ചത്. കലാഗവേഷകൻ സജനീവ് തൃക്കൊടിത്താനമാണ്. പാണ്ഡവരുടെ വനവാസകാലത്ത് കുന്തീദേവി ഭദ്രകാളി ദേവിക്ക് മുന്പിൽ വഴിപാടായ് നേർന്ന നരബലി അർജുനനൃത്തമായ് മാറിയ കഥ കുട്ടികളിൽ കൗതുകമുണർത്തി. ബ്രഹ്മാവ് നൽകിയ കിരീടം മഹാവിഷ്ണുവിൽ നിന്നുള്ള തോൾപുട്ട് മഹേശ്വരൻ സമ്മാനിച്ച നെഞ്ചുമാല അങ്ങനെ തൂക്കവേഷത്തെക്കുറിച്ചുള്ള അറിവും ഗണപതിതാളത്തിലെ ചുവടുകളുടെ ഭംഗിയും യുവകലാകാരൻ ഗോപു ഗോപനിലൂടെ വിദ്യാർഥികൾക്കു ലഭിച്ചു.
“വാളും വൻപുളിളങ്ങള്ളൂർ
വാഴും മന്നവർക്ക് ബന്ധു
വൻനടയ്ക്കും മുൻനടയ്ക്കും
ഭയങ്കരിയേ....”
വള്ളോൻ പാട്ടിന്റെ താളത്തിൽ ആശാൻ രാമകൃഷ്ണൻ നായരും ശിഷ്യരും ചുവടുകൾ വെച്ചപ്പോൾ കാഴ്ചയുടെ മനസ്സിലും താളപ്രമാണങ്ങൾ കൊട്ടിക്കയറി. കുഞ്ഞ് മനസ്സുകളിൽ ക്ഷേത്രകലകളെക്കുറിച്ചും അത് നിലനിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ അറിവ് ലഭിക്കുവാൻ ഈ പ്രവർത്തനത്തിലൂടെ കഴിഞ്ഞു.
“പുലവൃത്തംകളി”
പടയണി സമ്പ്രദായത്തിലുള്ള ഉത്സവം നടക്കുന്ന ക്ഷേത്രങ്ങളിലാണ് അനുഷ്ഠാനകലാരൂപമായ പുലവൃത്തംകളി അരങ്ങേറുക. കോട്ടയം ജില്ലയിൽ ഇത്തിത്താനം ഇളങ്കാവ് ക്ഷേത്രത്തിലെ പ്രത്യേകതയാണ് പുലവൃത്തംകളി. കത്തിച്ചുവെച്ച നിലവിളക്കിന് ചുറ്റും പാട്ടുകൾ പാടി പുരുഷന്മാർ കളിക്കുന്ന കല. നാൽപ്പത്തിയൊന്ന് കഴിഞ്ഞ് 42-ാം നാളിലെ ശാസ്താംപാട്ടിന്റെ അന്നും പിന്നെ പള്ളിവേട്ട ദിവസവുമാണ് പുലവൃത്തംകളിയുള്ളത്.
ദേവിയെ പുറത്തേക്ക് എഴുന്നള്ളിക്കുന്ന സമയത്ത് പുലവൃത്തംകളി പാട്ടുകേൾക്കണമെന്നാണ് ആചാരം. പുലവൃത്തംകളി പാട്ടുകളിൽ തത്ത്വചിന്തകളടങ്ങിയ വള്ളോൻപാട്ടുകളാണ് ഇതിൽ പ്രധാനം. അ മുതൽ അം വരെ അക്ഷരമാലാ ക്രമത്തിലുള്ള പാട്ടുകളാണിതിൽ. ‘പുലം’ എന്നാൽ വയൽ എന്നാണ്. കൃഷിയുമായി ബന്ധപ്പെട്ട പാട്ടുകൾക്കിടയിലൂടെ തത്ത്വചിന്തകളേയും കൂട്ടിയിണക്കുന്നത് കാണാനാകും. ദേവീ ദേവന്മാരെ സ്തുതിച്ചും പുരാണകഥകളെയും ചില ക്ഷേത്ര ഐതിഹ്യങ്ങളെ ആസ്പദമാക്കിയുമുള്ള പാട്ടുകളുമുണ്ട്. നാടിന്റെ സംസ്കാരത്തെയും പൈതൃകത്തെയും അടുത്തറിയാൻ ഇത്തരം അനുഷ്ഠാനങ്ങളുടെ പഠനത്തിലൂടെ സാധിക്കും.
April 05
12:53
2025